കുറുമാത്തൂരിലെ മിച്ചഭൂമിപ്രശ്‌നത്തിന് പരിഹാരമായതായി അര്‍.ഡി.ഒ—-493 ഏക്കറില്‍ കയ്യേറ്റം നടന്ന 187 ഏക്കര്‍ ഒഴികെ മിച്ചഭൂമിയായി ഏറ്റെടുക്കും.

തളിപ്പറമ്പ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തളിപ്പറമ്പ് താലൂക്കിലെ കുറുമാത്തൂര്‍ ഭൂമിപ്രശ്‌നം പരിഹരിച്ചതായി ആര്‍.ഡി.ഒ ഓഫീസ് അധികൃതര്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു.

തുമ്പശേരി എസ്‌റ്റേറ്റിന്റെ ഭാഗമായിരുന്ന 439 ഏക്കര്‍ ഭൂമിയില്‍ മിച്ചഭൂമിയായിരുന്ന പ്രദേശം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനിന്നിരുന്ന സ്‌റ്റേ ഉത്തരവ് പിന്‍വലിച്ചതിനാല്‍ ഇനി മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും 187 ഏക്കറോളം ഭൂമി

കൈയ്യേറിയവുടേത് ഒഴികെയുള്ള ഭൂമി മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുക്കുമെന്നും 187 ഏക്കറിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ആര്‍.ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് സി.രാധാകൃഷ്ണന്‍ വികസനസമിതിയെ അറിയിച്ചു.

താലൂക്ക് ലാന്റ് ബോര്‍ഡ് ഉടന്‍ യോഗം ചേര്‍ന്ന് മിച്ചഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭൂമിപ്രശ്‌നത്തില്‍ കര്‍ഷകസംഘം വില്ലേജ് സെക്രട്ടെറിയും ഏരിയാ കമ്മറ്റി അംഗവുമായ കെ.വി.ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി വികസനസമിതി യോഗം നിരന്തരമായി പരിഗണിച്ചുവരികയായിരുന്നു.

തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി പ്രശ്‌നത്തില്‍ ഇടപെടുകയും പരമാവധി വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

187 ഏക്കറിലെ ഭൂമി വ്യാജപട്ടയമുണ്ടാക്കി ഭൂമാഫിയ തട്ടിയെടുത്തതായാണ് കര്‍ഷകസംഘത്തിന്റെ പരാതി.

ഇതുസംബന്ധിച്ച് ഓരോ താലൂക്ക് വികസനസമിതി യോഗത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു.

187 ഏക്കര്‍ ഭൂമി വിലകൊടുത്തുവാങ്ങിയ ആളുകളും തങ്ങളുടെ ഭൂമിയുടെ നികുതി സ്വീകരിക്കാത്തതിനും കൈമാറ്റം ചെയ്യാനും പറ്റാത്തതിനെതിരെ വികസനസമിതി മുമ്പാകെ പരാതികള്‍ ഉന്നയിച്ചിരുന്നു.

പലപ്പോഴും ഈ ചര്‍ച്ചകള്‍ കടുത്ത വാക്കേറ്റങ്ങള്‍ക്കും ഇടയാക്കി. ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടത്തിയതിനും വ്യാജരേഖകള്‍ ചമച്ചതിനും സബ് രജിസ്ട്രാര്‍ ഉള്‍പ്പെടയുള്ളവര്‍ക്കും റിയല്‍ 

എസ്റ്റേറ്റ് ഏജന്റുമാര്‍ക്കും എതിരെ ക്രിമിനല്‍കേസ് ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യപ്പെടുകയും പ്രതികള്‍ റിമാന്‍ഡിലാവുകയും ചെയ്തിരുന്നു.

പ്രശ്‌നം പരിഹരിക്കപ്പെട്ടതായി ആര്‍.ഡി.ഒ ഓഫീസ് പറയുന്നുണ്ടെങ്കിലും ഇത് എത്രമാത്രം വിശ്വാസയോഗ്യമാണെന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് സി.പി.എം നേതാവും താലൂക്ക് ലാന്റ് ബോര്‍ഡ് അംഗവുമായ കെ.കൃഷ്ണന്‍ പറയുന്നത്.