കുതിരവട്ടത്ത് നടന്നത് കൊല- പ്രതിയുടെ അറസ്റ്റ് നാളെയെന്ന് പോലീസ്-

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയായ യുവതി കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇതോടെ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശനന്‍ പറഞ്ഞു.

ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. മരിച്ച സമയം സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മമായി അന്വേഷിക്കേണ്ടി വരുമെന്നും എ.സി.പി പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് മരിച്ച മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട്(30)വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പതിവുപരിശോധനയ്‌ക്കെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.

ഫൊറന്‍സിക് വനിതാ വാര്‍ഡിലെ 10-ാംനമ്പര്‍ സെല്ലിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തലയ്ക്കുപിറകില്‍ അടി കിട്ടിയതിനെത്തുടര്‍ന്ന് വലിയ മുഴയുണ്ടായിരുന്നു.

ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്.

മുഖംവീങ്ങിയിട്ടുമുണ്ടായിരുന്നു. കൈയില്‍ സ്ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

അടിയുണ്ടാക്കിയ പത്തൊമ്പതുവയസ്സുകാരിയുടെ മൂക്കില്‍നിന്ന് ചോര വന്നപ്പോള്‍ ഡോക്ടറെത്തി അവരെമാത്രമാണ് പരിശോധിച്ചിരുന്നത്.

ജിയറാം ജിലോട്ടിനെ പരിശോധനയ്ക്ക് വിധേയയാക്കിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍ പറഞ്ഞിരുന്നു.

ഡോക്ടര്‍ വരുമ്പോള്‍ ജിയറാം ജിലോട്ടിന് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് സൂപ്രണ്ട് പറഞ്ഞത്.

പരിക്കേറ്റപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിലും ദുരുഹതയുണ്ട്.

സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി അന്വേഷണം നടത്തുന്നുണ്ടെന്നും ഡോ. കെ.സി. രമേശന്‍ പറഞ്ഞു.

ജനുവരി 28-നാണ് ജിയറാം കുതിരവട്ടത്ത് എത്തുന്നത്. തലശ്ശേരി സ്വദേശിയായ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ തലശ്ശേരിയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു.

ഒരുകുട്ടിയുണ്ട്. കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്നതുകണ്ട് പോലീസാണ് കുതിരവട്ടത്ത് എത്തിച്ചത്. 19 കാരിയാണ് കേസിലെ പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച്ച ഉണ്ടായേക്കുമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശനന്‍ പറഞ്ഞു.