ഹരിഹരന്റെ ആദ്യത്തെ സിനിമ ലേഡീസ് ഹോസ്റ്റല്‍ @51.

      പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ആദ്യത്തെ സിനിമയാണ് 1973 ജൂണ്‍-29 ന് റിലീസായ ലേഡീസ് ഹോസ്റ്റല്‍. രേഖാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സിനിമ നിര്‍മ്മിച്ചത്. ഡോ.പി.ബാലകൃഷ്ണന്‍. ക്യാമറ-ടി.എന്‍.കൃഷ്ണന്‍കുട്ടി നായര്‍, എഡിറ്റര്‍ വെങ്കിട്ടരാമന്‍. വിതരണം-വിമലാ റിലീസ്. ഒരു മുഴുനീള ഹാസ്യ ചിത്രമായ ലേഡീസ് ഹോസ്റ്റലില്‍ പ്രേംനസീര്‍, വിന്‍സെന്റ്, കെ.പി.ഉമ്മര്‍, ബഹജദൂര്‍, മുതുകുളം രാഘവന്‍ പിള്ള, പറവൂര്‍ ഭരതന്‍, ടി.എസ്.മുത്തയ്യ, പട്ടം സദന്‍, സിദ്ധന്‍, സി.എല്‍.ജോണ്‍, ആര്‍.കെ.മേനോന്‍, കെ.പി.അബ്ബാസ്, ബാപ്പുക്കുട്ടി, ഭാസ്‌ക്കരന്‍, ലത്തീഫ്, പാപ്പി, രാജ്കുമാര്‍, എസ്.വി.നമ്പൂതിരി, ജയഭാരതി, സുജാത, ടി.പി.രാധാമണി, ഖദീജ, സാധന, മീന, ഫിലോമിന, സി.ആര്‍.ലക്ഷ്മി, അമ്പലപ്പുഴ രാജമ്മ, അമ്പിളി, പുഷ്പ, ലിസി, ജയ, വനജ, ശാന്തി എന്നിവരാണ് മുഖ്യതാരങ്ങള്‍. ശ്രീകുമാരന്‍തമ്പിയും ഡോ.ബാലകൃഷ്ണനും എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ത് എം.എസ്.ബാബുരാജ്.

കഥാസംഗ്രഹം.

പണക്കൊതിയന്മാരായ കുടുംബങ്ങളുടെ പൊറുതികേട് സഹിക്ക വയ്യാതായപ്പോള്‍ തന്റെ സ്‌നേഹിതനായ വക്കീലിന്റെ (പറവൂര്‍ ഭരതന്‍ ) സഹായത്തോടേ കുട്ടന്‍പിള്ള) സ്വത്തെല്ലാം ലല്ലിയുടെ(ജയഭാരതി) പേര്‍ക്ക് ഒസ്യത്തെഴുതി വെച്ചു.
പരിഷ്‌കൃതയും വലിയ തന്റേടിയുമായ ലല്ലിയെ ഒട്ടും ഇഷ്ടപ്പെടാത്ത രണ്ടു യുവാക്കളാണ് ലല്ലിയുടെ ബന്ധുക്കളായ ഗോപിയും( കെ പി ഉമ്മര്‍ ) ഭരതനും (ഭാസി). കുട്ടന്‍ പിള്ളയുടെ സ്വത്തെല്ലാം ലല്ലിയുടെ പേര്‍ക്ക് എഴുതി വെയ്ക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഭരതന്റെ അച്ഛനമ്മമാര്‍ – പട്ടാളം കുഞ്ചുപിള്ളയും (മുതുകുളം ) കാര്‍ത്ത്യായനിയും (ഖദീജ) പാവത്താനും ശുദ്ധ കണ്‍ട്രിയുമായ ഭരതനെ ലല്ലിയെ പ്രേമിക്കാനും അങ്ങനെ ഗോപിയെ തോല്‍്പ്പിച്ച് അവളെ വിവാഹം കഴിക്കാനും നിര്‍ബന്ധിക്കുന്നു. പ്രേമിച്ചില്ലെങ്കില്‍ കുടിക്കാന്‍ കഞ്ഞി പോലും കിട്ടില്ലെന്ന് വന്നപ്പോള്‍ ഗത്യന്തരമില്ലാതെ ഭരതന്‍ ലല്ലിയെ പ്രേമിക്കാന്‍ തയ്യാറെടുത്തു. ദുര്‍മ്മോഹിയായ ഗോപി ഭരതന്റെ എതിരാളിയായി രംഗത്തിറങ്ങി. ഗോപിയുടെ അച്ഛനമമാരായ രാഘവന്‍ പിള്ളയും (മുത്തയ്യ ) ഭവാനിയും (രാജമ്മ) ഗോപി ഭരതനെ തോല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഗോപിയും ഭരതനും തമ്മിലുള്ള പ്രണയമത്സരത്തിനിടയില്‍ മക്കളില്ലാത്ത ശങ്കുണ്ണിരാമന്നായരും(സി എല്‍ ജോണ്‍) ഭാര്യ രുദ്രാണിയും (സി ആര്‍ ലക്ഷ്മി ) ദുര്‍മന്ത്രവാദം ചെയ്‌തെങ്കിലും കുട്ടന്‍ പിള്ളയെയോ ലല്ലിയെയോ കൊലപ്പെടുത്തി സ്വത്ത് നേടാന്‍ പ്ലാനിട്ടു. ഇവരുടെ ഇടയില്‍ പെട്ട് കുട്ടന്‍ പിള്ള നട്ടം തിരിയുന്നു.
ഈ കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നല്ലൊരു ചെറുപ്പക്കാരനെ കണ്ടു പിടിച്ച് ഉടന്‍ ലല്ലിയെ വിവാഹം കഴിപ്പിക്കണം എന്ന് വക്കീല്‍ കൊടുത്ത ഉപദേശം കുട്ടന്‍ പിള്ള ശരി വെച്ചു. അവിടെയും ഒരു ഏടാകൂടം. പുരുഷന്മാരോട് അടുത്ത് ഇടപഴകരുത് അവരെ വിശ്വസിക്കരുത് എന്ന് പണ്ടെങ്ങാണ്ടോ സിംഗപ്പൂരില്‍ വെച്ച് കുട്ടന്‍ പിള്ള ലല്ലി്ക്ക് നല്‍കിയ ഉപദേശം അവളെ ഒരു വിവാഹ വിദ്വേഷിയാക്കി മാറ്റിയിരുന്നു. വിവാഹക്കാര്യം സംസാരിക്കുന്നതു പോലും ലല്ലി എതിര്‍ത്തപ്പോള്‍ കുട്ടന്‍ പിള്ള പതറി.
നല്ലൊരു പയ്യനെ ആദ്യം കണ്ടു പിടിക്കാം ബാക്കി കാര്യം പിന്നീട്. പ്രായോഗികബുദ്ധിയുള്ള വക്കീല്‍ കുട്ടന്‍ പിള്ളയെ സമാധാനിപ്പിച്ചു.
പത്രങ്ങളില്‍ ഒരു പരസ്യം വന്നു ഒരു വലിയ സ്ഥാപനത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കാന്‍ സുന്ദരനും ഉന്നതബിരുദധാരിയും അവിവാഹിതനുമായ ഒരു യുവാവിനെ ആവശ്യമുണ്ട് എന്ന്. തന്റെ മുത്തച്ഛനായ പത്മനാഭപ്പിള്ളയുടെ (സിദ്ധന്‍ ) നിര്‍ബന്ധത്തിനു വഴങ്ങി രാജന്‍ (പ്രേംനസീര്‍ ) ഉടന്‍ ഇന്റര്‍വ്യൂവിനു ഹാജരായി. കുട്ടന്‍ പിള്ളയുടെ പേരക്കുട്ടിയെ പ്രേമിക്കലും വിവാഹം കഴിക്കലുമാണ് ജോലിയെന്നറിഞ്ഞപ്പോള്‍ രാജനു അരിശം കയറി., ഈ ജോലി കൃത്യമായും ഭംഗിയായും നടത്തിയാല്‍ ലക്ഷക്കണക്കിനു രൂപ തരാം എന്നു കൂടി കുട്ടന്‍ പിള്ള പറഞ്ഞപ്പോള്‍ രാജന്റെ ദേഷ്യം ഇരട്ടിച്ചു. പണത്തിനു വാലാട്ടാന്‍ വേറേ ആളെ നോക്കണം എന്ന് മുഖത്തടിക്കും പോലെ പറഞ്ഞ് രാജന്‍ അവിടെ നിന്നിറങ്ങി.
കോടിക്കണക്കിനു രൂപ പുല്ലു പോലെ തള്ളിയ രാജന്‍ തന്നെ വേണം ലല്ലിയെ വിവാഹം കഴിക്കാന്‍ എന്ന് കുട്ടന്‍ പിള്ളയ്ക്ക് നിര്‍ബന്ധവുമായി.
രാജന്‍ മുത്തച്ഛനോടൊത്ത് മദിരാശിയില്‍ സ്ഥിരതാമസമാണ്.നമുക്ക് മദിരാശിയിലേക്ക് പുറപ്പെടാം. എന്റെ മകള്‍ രമ (സുജാത ) മദിരാശിയിലെ കേരളാ ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കയാണ്. അവളെ വിവാഹം കഴിക്കാന്‍ പോകുന്ന രവി (വിന്‍സന്റ് ) മദിരാശിയില്‍ ഒരു എഞ്ചിനീയറാണ്. ലല്ലി രമയോടൊപ്പം ഹോസ്റ്റലില്‍ താമസിക്കട്ടെ. പെണ്‍കുട്ടികളോടിടപഴകി ജീവിക്കുമ്പോള്‍ മനസ്സു മാറ്റം തന്നെ വന്നു കൊള്ളും. രവിയുടെയും രമയുടെയും സഹായത്തോടെ നമുക്ക് രാജനെയും ലല്ലിയെയും പരിചയപ്പെടുത്താനും അങ്ങനെ പ്രേമബദ്ധരാക്കാനും ശ്രമിക്കാം. വക്കീലിന്റെ പ്ലാന്‍ കുട്ടന്‍ പിള്ളക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ലല്ലി, കുമാരി മാലതിയമ്മയുടെ (മീന )ആധിപത്യത്തിലുള്ള ലേഡീസ് ഹോസ്റ്റലില്‍ ചേര്‍ക്കപ്പെട്ടു. രമ റൗഡി റീത്ത (സാധന ) രമണി (രാധാമണി ) അന്നാമ്മ (ഫിലോമിന ) തുടങ്ങിയവര്‍ അവളുടെ മനസ്സു മാറ്റത്തിനു ശ്രമിക്കാന്‍ തുടങ്ങി. രവിയും രമയും രാജനെയും ലല്ലിയെയും കൂട്ടിയിണക്കാന്‍ പരിപാടികളിട്ടു. ഇതിനിടയില്‍ ലല്ലി പ്രേമപദ്ധതിയുമായി ഗോപിയും ഭരതനും മദിരാശിയിലെത്തി. ഒടുവില്‍ രാജന്‍ ലല്ലിയെ വിവാഹം കഴിക്കുന്നതോടെ സിനിമ ശുഭകരമായി അവസാനിക്കുന്നു.