തളിപ്പറമ്പ് നഗരം ഇരുട്ടില്‍-ഒരുകോടിചെലവഴിച്ച തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയില്‍ വഴിവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായിട്ടും നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍.

ഏറ്റവും തിരക്കേറിയ ദേശീയപാതയില്‍ പൂക്കോത്ത് നടമുതല്‍ ചിറവക്ക് വരെയുള്ള ഭാഗത്താണ് വഴിവിളക്കുകള്‍ പൂര്‍ണമായും കണ്ണടച്ചത്.
കടകളിലെ വെളിച്ചം മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. കടകളടച്ചുകഴിഞ്ഞാല്‍ വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചം മാത്രം. ഒരു കോടിയിലേറെ രൂപ ചെലവഴിടച്ച് 2018 ഏപ്രില്‍ ഒന്നിനാണ് തിളക്കമേറിയ തളിപ്പറമ്പ് എന്ന പദ്ധതിയില്‍ ദേശീയപാതയുടെ നടുവില്‍ 50 വഴിവിളക്കുകള്‍ സ്വകാര്യവ്യക്തിയുടെ പങ്കാളിത്തത്തോടെ നഗരസഭ സ്ഥാപിച്ചത്.
അന്നത്തെ തദ്ദേശ സ്വയംഭരണമന്ത്രി കെ.ടി.ജലീലിനെ പങ്കെടുപ്പിച്ച് ഗംഭീരമായ ഉദ്ഘാടന പരിപാടിയും നടന്നു.
എന്നാല്‍ നഗരത്തില്‍ നല്ല വെളിച്ചമുണ്ടാവേണ്ട വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പകരം പൂന്തോട്ട വിളക്കുകള്‍ സ്ഥാപിച്ചുവെന്നും തീരെ വെളിച്ചമില്ലെന്നും ഉദ്ഘാടന ദിവസം തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പിന്നീട് പലപ്പോഴായി വിളക്കുകള്‍ ഓരോന്നായി കണ്ണടക്കുകയായിരുന്നു.
ഏഴ് വര്‍ഷത്തിനിടയില്‍ എല്ലാ വിളക്കുകളുടെയും പ്രവര്‍ത്തനം നിലച്ചു. കണ്ണൂര്‍ ജില്ലയിലെ തിരക്കേറിയ താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പിലെ ദേശീയപാതയില്‍ പൊതു വിളക്കുകള്‍ ഇല്ലാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടും നഗരസഭരണാധികാരികള്‍ ഒന്നും ചെയ്തിട്ടില്ല.
അള്ളാംകുളം മഹമ്മൂദ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഈ ബിഗ് ഡീല്‍ നടന്നത്.
നഗരസഭക്ക് മുടല്‍മുടക്കില്ലാതെ സ്വകാര്യവ്യക്തിക്ക് വിളക്കുമരങ്ങളില്‍ പരസ്യങ്ങള്‍ സ്ഥാപിച്ച് ചെലവാക്കിയ തുകയും ലാഭവും എടുക്കാനുള്ളതായിരുന്നു കരാര്‍.
അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഒന്നും നടന്നില്ല.
കരാറുകാരന്‍ ഇപ്പോഴും പരസ്യം സ്ഥാപിച്ച് പണം കൊയ്യുന്നു, ജനത്തിന് കടകളിലെ വെളിച്ചം മാത്രം.
വിളക്കുപ്രശ്‌നം നടക്കാന്‍പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രധാനപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.
