ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍

 

നടുവില്‍:കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ എത്തിയ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

നടുവില്‍ മണ്ടളത്തെ വയലാമണ്ണില്‍ ജോസിനെയാണ് (63) കുടിയാന്‍മല പോലിസ് ഇന്‍സ്‌പെക്ടര്‍ മേല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നടുവില്‍ പഞ്ചായത്തില്‍ പുലികുരുമ്പയിലെ കുടിയാന്‍മല വെറ്ററിനറി ഡിസ്‌പെന്‍സറിക്കു കീഴിലെ ചേടിക്കുണ്ട് വെറ്ററിനറി സബ്ബ് സെന്ററിലെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ബിജു കെ തമ്പാനെയാണ് (44) ജോസ് ആക്രമിച്ചത്.

ബുധനാഴ്ച ഉച്ചക്ക് ജോസിന്റെ കന്നുകാലികള്‍ക്ക് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ എത്തിയ ബിജു കെ തമ്പാനെ ജോസ് തടഞ്ഞ് വെച്ച് പിടിച്ച് തള്ളുകയും, അശ്ലീലമായ വാക്കുകള്‍ ഉപയോഗിക്കുകയും ചവിട്ടുകയുമായിരുന്നു.

പരിക്കേറ്റ ബിജു കെ തമ്പാന്‍ നടുവില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

ബിജു കെ തമ്പാന്റെ പരാതി പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമം 332 ( പബ്ലിക് സര്‍വ്വന്റിനെ ബലാല്‍ക്കാരമായി തടഞ്ഞു നിര്‍ത്തി മന: പൂര്‍വ്വമായി ദേഹോപദ്രവം ഏല്‍പ്പിക്കല്‍), 294ബി ( അശ്ലീലമായ വാക്കുകള്‍ ഉച്ചരിക്കല്‍) എന്നി വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്.

കേരള ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ തളിപ്പറമ്പ് താലൂക്ക് സെക്രട്ടരിയും, ജോയിന്റ് കൗണ്‍സില്‍ ഇരിക്കൂര്‍ മേഖല മുന്‍ പ്രസിഡണ്ടുമാണ് ബിജു കെ തമ്പാന്‍.

സംഭവത്തില്‍ കേരള ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടരി എസ്.ശ്രീകുമാറും, ജോയിന്റ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടരി റോയി ജോസഫും പ്രതിഷേധിച്ചു.

കേരള ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ യൂണിയന്‍ അപലപിച്ചു.

കണ്ണൂര്‍: നടുവില്‍ പഞ്ചായത്തിലെ ചേടിക്കുണ്ട് വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ബിജു.കെ തമ്പാനെ ആക്രമിച്ചതില്‍ കേരള ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അപലപിച്ചു.

കേരളത്തില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി വീട് വീടാന്തരം കയറി നടത്തുന്ന ക്യാമ്പയിന്റെ ഡ്യൂട്ടിക്കിടെയാണ് ബിജു കെ തമ്പാന്‍ ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംഭവത്തെ കേരള ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.