വന്‍ മയക്ക് മരുന്ന് വേട്ട-ഓണ്‍ലൈനായി നെതര്‍ലാന്റില്‍ നിന്നും വരുത്തിയ മാരക മയക്ക് മരുന്നായ 70 LSD സ്റ്റാമ്പുകളുടെ ഉടമയായ യുവാവ് എക്‌സൈസിന്റെ പിടിയില്‍.

കൂത്തുപറമ്പ്: ആമസോണ്‍ വഴി ഓണ്‍ലൈനില്‍ നെതര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിയ 70 LSD സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായി.

കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസില്‍ ഓണ്‍ലൈന്‍ വഴി തപാലില്‍ എത്തിചേര്‍ന്ന മാരകമയക്കു മരുന്നായ 70 LSD സ്റ്റാമ്പുകള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്.ജനീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫിസില്‍ സംശയാസ്പദമായി എത്തിയ തപാല്‍ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയുമായിരുന്നു.

തന്ത്രപരമായ നീക്കത്തിലൂടെ വിലാസക്കാരന്‍ കൂത്തുപറമ്പ് പാറാല്‍ സ്വദേശി ശ്രീശൈലം വീട്ടില്‍ ശ്രീരാഗ് ആണെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് മഫ്തിയില്‍ പ്രത്യേക സംഘം വീടിന് സമീപത്തു നിന്ന് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മെയ് 1 ന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തത്.

ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസില്‍ വന്നതെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഡാര്‍ക് വെബ്ബ്‌സൈറ്റില്‍ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്‌കോയിന്‍ കൈമാറ്റം വഴിയാണ് LSD എത്തിച്ചത്.

കഞ്ചാവ് കൈവശം വച്ചതിന് ഇയാളുടെ പേരില്‍ മുമ്പും കൂത്തുപറമ്പ് എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

ലഹരി വസ്തുക്കളില്‍ മാരക ഇനങ്ങളില്‍ പെട്ട ഒന്നാണ് LSD. പ്രതിയുടെ കൈയ്യില്‍ നിന്നും പിടികൂടിയ 70 LSD സ്റ്റാമ്പുകള്‍ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്.

കേവലം 100 മില്ലിഗ്രാം കൈവശം വെച്ചാല്‍ തന്നെ 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

പിടികൂടിയ സ്റ്റാമ്പുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും.

പ്രിവന്റ്‌റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, എം.സുബിന്‍, സി.കെ.ശജേഷ്, എന്‍.സി.വിഷ്ണുി, എക്‌സൈസ് ഡ്രൈവര്‍ ലതിഷ് ചന്ദ്രന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.