വിരൂപമായ നടക്കാത്ത സ്വപ്നമായി മലബാര്‍ റിവര്‍ക്രൂയിസ്-ചെലവാക്കിയത് 127 കോടി രൂപ.
തളിപ്പറമ്പ്: മലബാറിലെ എട്ട് പുഴകള്‍, അവിടെ 41 ബോട്ട് ജെട്ടികള്‍-നദീതീരങ്ങളില്‍ പ്രാദേശികമായ വ്യത്യസ്ത തീമുകളില്‍ ടൂറിസം പദ്ധതികള്‍, ഹോം സ്റ്റേകള്‍, കഥപറയും ടൂറിസം– മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയേപ്പറ്റി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്നതിന് കണക്കില്ല.

2017 ല്‍ ആരംഭിച്ച ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശിദര്‍ശന്‍ പരിപാടിയില്‍ നിന്നുള്ള ധനസഹായം ഉള്‍പ്പെടെ 8 വര്‍ഷം കൊണ്ട് ചെലവഴിച്ചത് 127 കോടി രൂപ.
ഇതിന്റെ ബാക്കിപത്രം അന്വേഷിച്ചു ചെന്നാല്‍ ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ന്യൂമാഹി മുതല്‍ നീലേശ്വരം വരെയുള്ള 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് റിവര്‍ക്രൂയിസം പദ്ധതി നടപ്പിലാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി പുഴകളും കാസര്‍ഗോട്ടെ തേജസ്വിനി, ചന്ദ്രഗിരി പുഴകളും ഉള്‍പ്പെട്ടതാണ് മലബാര്‍ റിവര്‍ ക്രൂയിസ്.
എന്നാല്‍ ഇവിടങ്ങളിലെ പുഴയോരത്ത് പണി പൂര്‍ത്തിയാക്കിയ 32 ബോട്ട് ജെട്ടികള്‍ എല്ലാം അനാഥമായി കിടക്കുകയാണ്.
ഒരൊറ്റ ബോട്ട്പോലും ഈ ജെട്ടികളില്‍ അടുത്തിട്ടില്ല.
2024 ഡിസംബറില്‍ പണി പൂര്‍ത്തീകരിച്ച് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചുവരുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്കാണ് ഈ ദുര്‍ഗതി.
നേരത്തെ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്‍പ്പെട്ടത് 15 ക്രൂയിസ് ബോട്ടുകള്‍, 10 സ്പീഡ് ബോട്ടുകള്‍, നാല് സുരക്ഷാ ബോട്ടുകള്‍, കടലില്‍ പോകാവുന്ന രണ്ട് ബോട്ടുകള്‍, നാല് ഫ്ളോട്ടിംഗ് മാര്‍ക്കറ്റുകള്‍, രണ്ട് ഫ്ളോട്ടിംഗ് ഭക്ഷണശാലകള്‍, വാട്ടര്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, ചാനല്‍ മാര്‍ക്കറ്റിംഗ് എന്നിവയൊക്കെയാണ്.
ഇതില്‍ പറശിനിക്കടവിലും മുല്ലക്കൊടിയിലും ഫ്ളോട്ടിംഗ് റസ്റ്റോറന്റ് ആരംഭിച്ചതൊഴിച്ചാല്‍ മറ്റൊന്നും തന്നെ ഇതേവരെ നടപ്പിലായിട്ടില്ല.
തളിപ്പറമ്പ് കുപ്പത്ത് 7 വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബോട്ട് ജെട്ടി ടെര്‍മിനല്‍ നാശത്തിന്റെ വക്കിലാണ്.
നിലത്തെ ടൈല്‍സുകള്‍ ഇളകിയ ബോട്ട്ജെട്ടി മാലിന്യ സംഭരണകേന്ദ്രമായും മാറിയിരിക്കുന്നു.
ഇവിടെ നൈറ്റ്ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പാര്‍ക്കിലെ റസ്റ്റോറന്റും കംഫര്‍ട്ട് സ്റ്റേഷനും തങ്ങളുടെ സ്ഥലം കയ്യേറി നിര്‍മ്മിച്ചതാണെന്ന ദേശീയപാത അതോറിറ്റിയുടെ പരാതിയില്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കയാണ്.
കയ്യേറിയ ഈ ഭാഗം ദേശീയപാത വിഭാഗം മാര്‍ക്ക് ചെയ്തിട്ടുണ്ട്.
യാതൊരു മുന്നൊരുക്കവും നടത്താതെ ആരംഭിച്ചതാണ് മലബാറിന്റെ മുഖച്ഛായ മാറ്റുമെന്ന് വിശ്വസിപ്പിച്ച പദ്ധതി പകുതിവഴിക്കാവാന്‍ കാരണമെന്നാണ് വിമര്‍ശനം.
മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി എന്ന് പൂര്‍ത്തിയാവും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കാത്തവിധത്തില്‍ വിരൂപമായ ഒരു നടക്കാത്ത സ്വപ്നമായി മാറിയിരിക്കയാണിപ്പോള്‍.
