റോഡ് നിര്‍മ്മാണം മാന്തംകുണ്ടിന്റെ ക്ഷമപരീക്ഷിക്കുന്നു, സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഒക്ക് നിവേദനം നല്‍കി.

തളിപ്പറമ്പ്: മാന്തംകുണ്ട് പ്രദേശത്തെ മഴവെള്ളക്കെടുതിക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു.

പുതിയ ബൈപാസ് റോഡ് മാന്തംകുണ്ട് പ്രദേശത്ത് കൂടികടന്നുപോകുന്നതിന്റെ പണി നിലവില്‍ ആറു മാസത്തിലധികമായി നടന്നു വരികയാണ്.

ഇപ്പോള്‍ മഴ ആരംഭിച്ച തിനുശേഷം മാന്തംകുണ്ട് ജംഗ്ഷനിലൂടെ വാഹനത്തിന് പോകുവാനും യാത്രക്കാര്‍ക്ക് നടന്നു പോകുവാനും പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

തൊക്കിലങ്ങാടിയില്‍ നിന്ന് മാന്തംകുണ്ട് വഴി പട്ടുവം ഭാഗത്തേക്ക് പോകുന്ന റോഡും മാന്തംകുണ്ട് ജംഗ്ഷനില്‍ നിന്ന് കീഴാറ്റൂര്‍ ജി.എല്‍.പി സ്‌കൂളിലേക്ക് പോകുന്ന റോഡും ചളിയും വെള്ളവും നിറഞ്ഞു കിടക്കുകയാണ്.

യാത്രക്കാര്‍ക്ക് നടന്നുപോവാന്‍ വരെ പറ്റാത്ത സ്ഥിതായാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ടൂ വീലര്‍ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞആറുമായ കാലയളവില്‍ അന്‍പതോളം ടൂ വീലര്‍ യാത്രക്കാര്‍ വണ്ടി മറിഞ്ഞു വീണ് പരിക്കു പറ്റിയിട്ടുണ്ട്.

നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നീക്കവും ദേശീയപാതാ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കാണുന്നില്ല.

നാടിന്റെ വികസനകാര്യത്തില്‍ എതിര് നില്‍ക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് ഇത്രയും കാലം ക്ഷമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇനി ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നും അടിയന്തിര പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍  R D O, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.