ആഘോഷമാവാം അതിര് കടക്കരുത്- നന്മയോടെ നാടിനെ കാക്കാം-
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവാഹ പ്രോട്ടോക്കോള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ആഘോഷമാവാം; അതിര് കടക്കരുത്, നന്മയിലൂടെ നാടിനെ കാക്കാം’ എന്ന പേരില്‍ വിപുലമായ ക്യാമ്പയിനിലൂടെയാണ് ഇതിന് തുടക്കം കുറിക്കുക.
ക്യാമ്പയിന് വ്യാഴാഴ്ച മാങ്ങിടം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രത സഭകള്‍ സംഘടിപ്പിക്കും.
തുടര്‍ന്ന് വാര്‍ഡ് അടിസ്ഥാനത്തില്‍ പത്ത് പേര്‍ അംഗങ്ങളായ നിരീക്ഷണ സമിതി രൂപീകരിക്കും.
ഈ സമിതിയ്ക്കായിരിക്കും അതത് വാര്‍ഡുകളിലെ ആഘോഷങ്ങളുടെ നിരീക്ഷണ നിയന്ത്രണ ചുമതല.
ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, യുവജന മഹിളാസംഘടനാ പ്രവര്‍ത്തകര്‍, വായനശാല, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരാവും സമിതിയംഗങ്ങള്‍.
ആഘോഷവേളകളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തില്‍ ഡ്രഗ്ഒബ് സര്‍വ്വര്‍മാരെ നിയോഗിക്കും.
ഇതിന് യുവജനങ്ങളുടെ സഹായം തേടുംപ്രസിഡന്റ് പറഞ്ഞു. ആഘോഷ വീടുകളിലെ പരസ്യമായ മദ്യപാനത്തിനും മദ്യവിതരണത്തിനുമെതിരെ കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീകളെ സജ്ജരാക്കുമെന്നും അവര്‍ അറിയിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.കെ.രത്‌നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു, സെക്രട്ടറി വി.ചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.