രണ്ട് ലക്ഷം കളഞ്ഞുകിട്ടി- രണ്ട് കോടിയുടെ നന്‍മ മനസുമായി ഓട്ടോഡ്രൈവര്‍ എം.എ സലീം-

പഴയങ്ങാടി: റോഡരികില്‍ നിന്ന് വീണു കിട്ടിയ രണ്ടു ലക്ഷം രൂപ ഉടമക്ക് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവറും ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു മാടായി ഏരിയാ കമ്മിറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ എം.എ.സലീമാണ് മാതൃകയായത്.

ഇന്ന് ഉച്ചയോടെ പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് പണം കിട്ടിയത്.

ഉടനെ പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തി സി ഐ എം.ഇ.രാജഗോപാലിനെ ഏല്‍പ്പിക്കുകയായിരുന്നു.

റെയില്‍വെ സ്റ്റേഷന് സമീപത്തെ ഉണ്ണിപ്രവന്‍ ഹൗസില്‍ കെ.സഞ്ജീവ്കുമാറിന്റെതാണ് നഷ്ടപ്പെട്ട പണമെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഉടമസ്ഥന് സ്‌റ്റേഷനില്‍ നിന്ന് തന്നെ പണം തിരിച്ചേല്‍പിക്കുകയും ചെയ്തു.

സഹപ്രവര്‍ത്തകനും യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ എം ഗോപാലകൃഷ്ണനും പങ്കെടുത്തു. പണം തിരിച്ചുനല്‍കി മാതൃകയായ സലീമിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.