മലയാളഭാഷയുടെ രചനാമികവ് വിവര്‍ത്തനത്തിലൂടെ മാത്രമേ ലോകമറിയുന്നുള്ളൂവെന്നും, ഇതിന് മാറ്റം വരണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: മലയാളത്തില്‍ ലോകനിലവാരത്തിലുള്ള രചനകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും, അത് ചര്‍ച്ചചെയ്യപ്പെടണമെങ്കില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കപ്പെടേണ്ടി വരുന്ന നിലയാണെന്നും ഇതിന് മാറ്റം വരണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച മാതൃമലയാളം മധുരമലയാളത്തിന്റെ പ്രഥമ അക്ഷരജ്യോതി പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാളിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്രാജ്യത്വശക്തികള്‍ ഇവിടെ അവശേഷിപ്പിച്ചുപോയ ഇംഗ്ലീഷിന്റെ സാന്നിധ്യം ഒഴിവാക്കി മലയാളഭാഷക്ക് മുന്തിയ പരിഗണന നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കൂട്ടായ്മയിലെ കഥകളുടെ തമ്പുരാട്ടി ശ്രീകുമാരി ടീച്ചര്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പുരസ്‌ക്കാരവും ചടങ്ങില്‍ സമ്മാനിച്ചു.

കരിവെള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രഫ.ഇ.കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരുന്നു.

അഡ്വ.എം.കെ.വേണുഗോപാല്‍, പി.വി.സതീഷ്‌കുമാര്‍, സതീശന്‍ തില്ലങ്കേരി എന്നിവര്‍ പ്രസംഗിച്ചു.

മാതൃമലയാളം മധുരമലയാളം ദേശീയ സെക്രട്ടറി കെ.സി.മണികണ്ഠന്‍നായര്‍ സ്വാഗതവും സെക്രട്ടറി പി.ടി.മുരളീധരന്‍ നന്ദിയും പറഞ്ഞു.

എ.വി.രാമകൃഷ്ണപിള്ള, ആനന്ദബോസ് ഐ എ എസ്, പി.ചന്ദ്രശേഖരന്‍ ഐ പി എസ്, കെ.സി.മണികണ്ഠന്‍ നായര്‍

എന്നിവര്‍ കൈയ്യൊപ്പ് ചാര്‍ത്തിയ പ്രശസ്തിപത്രം, പൊന്നാട, മെമെന്റോ എന്നിവയാണ് പുരസ്‌ക്കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.