മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 20ന്

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടര്‍പട്ടിക ജൂണ്‍ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ജൂലൈ നാല് വരെ അപേക്ഷ നല്‍കാം. അന്തിമ പട്ടിക ജൂലൈ 18 ന് പ്രസിദ്ധീകരിക്കും.

2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.

www.lsgelection.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷ നല്‍കേണ്ടത്.

പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്.

പേര് നീക്കം ചെയ്യുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫോറം അഞ്ചില്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.

മുനിസിപ്പല്‍ സെക്രട്ടറിയാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍. 35 വാര്‍ഡുകളിലെ നിലവിലുള്ള വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് കരട് തയ്യാറാക്കിയത്. കരട് പട്ടികയില്‍ ആകെ 36247 വോട്ടര്‍മാരുണ്ട്.

17185 പുരുഷന്മാരും 19060 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകളും. മുനിസിപ്പാലിറ്റി ഓഫീസിലും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും കരട് പട്ടിക പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാക്കും.

പ്രവാസി ഭാരതീയര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന വാര്‍ഡിലാണ് പേര് ചേര്‍ക്കേണ്ടത്.

വിദേശപൗരത്വം സ്വീകരിക്കാതെ വിദേശത്ത് താമസിക്കുകയും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുമാണ് പേര് ചേര്‍ക്കാന്‍ യോഗ്യതയുള്ളത്.

ഇതിന് www.lsgelection.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ ഒപ്പ് രേഖപ്പെടുത്തി പാസ്‌പോര്‍ട്ടിന്റെ കോപ്പി സഹിതം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ ലഭ്യമാക്കുകയും വേണം.