മാട്ടൂല്‍ തെക്കുംമ്പാടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും-എം.വിജിന്‍ എം.എല്‍.എ
കണ്ണപുരം: മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുംമ്പാട് ദ്വീപ് പ്രദേശത്തെ കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കര്‍ഷക സംഘം തെക്കുമ്പാട് യൂണിറ്റ് എം.വിജിന്‍ എം എല്‍ എ മുഖേന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗം വിളിച്ചത്.
കണ്ണപുരം പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വനം, ഇറിഗേഷന്‍, റവന്യൂ, കൃഷി എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരും പങ്കെടുത്തു.
കര്‍ഷകര്‍ക്ക് അവരുടെ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ഫോറസ്റ്റ് വകുപ്പുമായി ആലോചന നടത്തി പ്രവര്‍ത്തനത്തനങ്ങള്‍ നടത്തണമെന്നും എം എല്‍ എ പറഞ്ഞു.
ഇതിന്റെ ഭാഗമായി കര്‍ഷകരുടെയും, വനംവകുപ്പിന്റെയും അധീനതയിലുള്ള സ്ഥലം താലൂക്ക് സര്‍വ്വെയറെകൊണ്ട് അളന്ന് തിട്ടപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
തെക്കുംമ്പാട് പ്രദേശത്തെ നെല്‍കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം കണ്ടല്‍ വനം സംരക്ഷിക്കുന്നതിനും, പ്രദേശത്തെ ഉപ്പുവെള്ളം തടയുന്നതിനും നടപടി സ്വീകരിക്കുന്നതിനും തീരുമാനമായി.
യോഗത്തില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിര്‍, പഞ്ചായത്ത് പ്രസിണ്ടന്റുമാരായ ഫാരിഷ (മാട്ടൂല്‍), കെ.രതി (കണ്ണപുരം), വൈസ് പ്രസിഡന്റ് എം.ഗണേശന്‍,
ജെ.ദേവപ്രസാദ് ഐ.എഫ്.എസ് (ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ),അസി ചീഫ് ഫോറസ്റ്റ് ഓഫീസര്‍മാരയ വി.രാജന്‍, ജി.പ്രദീപ്, അജിത്ത് കെ രാമന്‍, വി രതീഷന്‍ (ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തളിപറമ്പ്),
എ.സുരേന്ദ്രന്‍ (കൃഷി അസി ഡയറക്ടര്‍) പി.പി.സ്മിത(അസി.എഞ്ചിനിയര്‍ ഇറിഗേഷന്‍), നോബില്‍ സെബാസ്റ്റ്യന്‍ (മൈനര്‍ ഇറിഗേഷന്‍ ), കെ.വി.ശ്രീധരന്‍, എ ഉണ്ണിക്കൃഷ്ണന്‍, പ്രകാശന്‍ നടുവിലത്ത്, ലക്ഷ്മണന്‍, കെ.വി വത്സല എന്നിവര്‍ സംസാരിച്ചു.
