ചികില്‍സ നല്‍കാന്‍ സാധിച്ചില്ല-മാവോയിസ്റ്റ് നേതാവ് കവിത മരിച്ചത് ചികില്‍സ ലഭിക്കാതെ ദയനീയമായി.

മാനന്തവാടി: മാവോയിസ്റ്റ് സംഘാംഗമായ വനിത പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ആന്ധ്രപ്രദേശിലെ റായലസീമ സ്വദേശിനിയായ കവിത എന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.

നവംബര്‍-13 ന് രാവിലെ 9.50 നാണ് തണ്ടര്‍ബോള്‍ട്ടിന്റെ ആക്രമത്തില്‍ കവിതക്ക് വെടിയേറ്റത്.

സാധാരണ പരിക്കേറ്റ മാവോയിസ്റ്റുകളെ കോയമ്പത്തൂരിലോ തിരുനെല്‍വേലിയിലോ എത്തിച്ച് ചികില്‍സ നല്‍കാനുള്ള സംവിധാനം മാവോയിസ്റ്റുകള്‍ക്ക് ഉണ്ടെങ്കിലും ഏറ്റുമുട്ടലുണ്ടായതിന് ശേഷം മാവോയിസ്റ്റുകള്‍ക്ക് കനത്ത പോലീസ് കാവല്‍ കാരണം കാടിന് പുറത്തെത്താനായില്ല.

തുടര്‍ന്ന് വനത്തിനുള്ളില്‍ തന്നെ ചികില്‍സ തുടരുകയായിരുന്നു.

സി.പി.ഐ (മാവോയിസ്റ്റ്) പശ്ചമഘട്ട പ്രത്യേക മേഖലാ കമ്മറ്റി വക്താവ് ജോഗിയുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും തിരുനെല്ലി ഗുണ്ടികപറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററുകളിലുമാണ് കവിത മരണപ്പെട്ട വിവരം മാവോയിസ്റ്റുകള്‍ അറിയിച്ചത്.

കവിതയുടെ മൃതദേഹം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ടുന്ന എല്ലാ ബഹുമതികളും നല്‍കി പശ്ചിമഘട്ട വന മേഖലയില്‍ സംസ്‌ക്കരിച്ചതായും ജോഗിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

സി.പി.ഐ(മാവോയിസ്റ്റ്)കബനി ഏരിയാ സെക്രട്ടെറിയായ കവിതയുടെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുമെന്നും അതിനായി സര്‍വശക്തിയും സംഭരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

എല്‍.ഡി.എഫ് ഭരണകാലത്ത് കൊല്ലപ്പെടുന്ന ഒന്‍പതാമത്തെ മാവോയിസ്റ്റ് നേതാവാണ് കവിത.

2016 ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ രോഗികളായ കുപ്പുദേവരാജ്, അജിത എന്നിവരെ പോലീസ് നിഷ്‌ക്കരുണം വെടിവെച്ചുകൊന്നിരുന്നു.

2019 ഒക്ടോബറില്‍ അട്ടപ്പാടി മഞ്ചക്കണ്ടി ഊരിന് സമീപം ഭവാനിദളം കമാന്‍ഡര്‍ മണിവാസകം, ശ്രീനിവാസന്‍, അജിത, കാര്‍ത്തിക് എന്നിവരേയും 2020 മാര്‍ച്ചില്‍ വെത്തിരി റിസോര്‍ട്ടിന് സമീപം സി.പി.ജലീലിനെയും പോലീസ് വെടിവെച്ചു കൊന്നിരുന്നു.