മേല്‍പ്പറമ്പില്‍ വീണ്ടും മയക്കുമരുന്ന് വേട്ട: 19.75 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ്: സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ സബ് ഡിവിഷന് കീഴില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീണ്ടും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പോലീസ് പിടികൂടി.

കളനാട് കീഴൂര്‍ സ്വദേശിയായ യുവാവിനെ ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍ മേല്‍പ്പറമ്പ് സി ഐ ടി.ഉത്തംദാസ്, എസ് ഐ വി.കെ.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി മേല്‍പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദേളിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ ശേഖരവുമായി കീഴൂര്‍ ചെമ്പരിക്ക റിസോര്‍ട്ട് റോഡ് സ്വദേശിയും ഇപ്പോള്‍ അരമങ്ങാനം താമസക്കാരനുമായ മുഹമ്മദ് ബഷീര്‍(34) പിടിയിലായത്.

ഇയാളില്‍ നിന്ന് 19.75 ഗ്രാം മയക്കുമരുന്നും കെ.എല്‍.14-3889 ബുളളറ്റ് മോട്ടോര്‍ സൈക്കിളും കാര്‍ഡുകളും പിടികൂടി.

കഴിഞ്ഞയാഴ്ച ബേക്കല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍
കളനാട് കീഴൂര്‍ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാന്‍(30) എന്നയാളെയും ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദ് എ എം 45 വയസ് എന്നയാളെയും മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു, അവരിപ്പോള്‍ ജയിലിലാണ്.

 

കാസര്‍ഗോഡ് ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം മയക്കുമരുന്ന് വേട്ടയില്‍ ഡി വൈ എസ് പി സി.കെ.സുനില്‍ കുമാറിനൊപ്പം മേല്‍പറമ്പ് സിഐ ടി.ഉത്തംദാസ്

എസ് ഐ വിജയന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജീഷ്,  മേല്‍പറമ്പ് സ്‌റ്റേഷനിലെ പോലീസുകാരായ ജോസ് വിന്‍സന്റ്, രജീഷ്, പ്രശോഭ, വനിതാ പോലീസ് ഷീല എന്നിവര്‍ പങ്കെടുത്തു.

അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം കാസര്‍ഗോഡ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

അടുത്ത കാലത്ത് കാസര്‍ഗോഡ് ജില്ല പോലീസ് മേധാവിയുടെ നേതൃത്ത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വന്‍ മയക്കുമരുന്ന് വേട്ടയാണ് നടത്തിവരുന്നത്.

മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റു ആളുകളെ കുറിച്ചും കൂടുതലായി അന്വേഷണം നടത്തി വരുന്നതായും ഇതിനായി സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് രൂപികരിച്ചതായും കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്‌സേന നേരത്തെ അറിയിച്ചിരുന്നു.