കലി കക്കൂസുകളോട്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ശുചിമുറി ക്ലോസെറ്റുകള്‍ തകര്‍ത്ത നിലയില്‍.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുതായി പണിത ശുചിമുറിയിലെ ക്ലോസെറ്റുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യദ്രോഹികളെ കണ്ടെത്തി, പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ നിയമനടപടി കൈക്കൊള്ളണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് പരിയാരം പോലിസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, കിഫ്ബി ഫണ്ടുപയോഗിച്ച് ആശുപത്രിയിലെ വിവിധ ബ്ലോക്കുകള്‍ നവീകരിച്ച് വരികയാണ്.
ഇതിന്റെ ഭാഗമായാണ് ആശുപത്രിയിലെ വിവിധ നിലകളിലുള്ള പൊതുശൗചാലയങ്ങളും വാര്‍ഡുകളിലെ ശൗചാലയങ്ങളുമെല്ലാം പുതുക്കിപ്പണിതത്.
ഇത്തരത്തില്‍ പുതുക്കിപ്പണിത ഏഴാം നിലയിലേയും മൂന്നാം നിലയിലേയും ശൗചാലയങ്ങളിലാണ് സാമൂഹ്യവിരുദ്ധ അക്രമം നടന്നതായി കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടത്.
ക്ലോസറ്റിന് മുകളിലെ ഫൈബര്‍ സീറ്റ്കവര്‍ ഇളക്കിമാറ്റി അപഹരിക്കുകയും, ബാത്ത് റൂം ഉപയോഗിക്കുന്നവര്‍ക്ക് വെള്ളം ഉറപ്പാക്കുന്ന പൈപ്പ്വയര് പൊട്ടിച്ച് അവിടെത്തന്നെ കെട്ടി തൂക്കിയിട്ട നിലയിലുമാണ് കണ്ടത്.
ദിനംപ്രതി ആയിരത്തിലധികം പേര് ഒ.പിയില്‍ത്തന്നെ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍, അഡ്മിറ്റായവരുടെ ഒപ്പമുള്ളവരും ഒ.പിയില്‍ എത്തുന്നവരും കൂടെ എത്തുന്നവരുമെല്ലാം പ്രയോജനപ്പെടുത്തുന്ന ശൗചാലയങ്ങളാണ് ഇത്തരത്തില്‍ കേടാക്കിയിരിക്കുന്നത്.
സാമൂഹ്യപ്രതിബദ്ധത മനുഷ്യലക്ഷണമാണെന്നിരിക്കെ, അതില്ലാത്തവര്‍ക്കേ ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും, കുറ്റം ചെയ്തയാള്‍ക്കെതിരെ കടുത്തനടപടി കൈക്കൊള്ളണമെന്നും ആശുപത്രി സൂപ്രണ്ട് ആവശ്യപെട്ടു.
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍, ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളുടെ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
