കഥപറയുന്ന ടൂറിസം ആദ്യമായി കണ്ണൂരില്‍–ജില്ലയിലെ ഏറ്റവും വലിയ ഗ്രാമീണ ടൂറിസം കേന്ദ്രമാകാന്‍ ഒരുങ്ങി മീങ്കുഴി

Reportകരിമ്പം.കെ.പി.രാജീവന്‍

ഒരുങ്ങുന്നത് നാലുകോടിയുടെ പദ്ധതി

പരിയാരം: ജില്ലയിലെ ഏറ്റവുംവലിയ ടൂറിസം വില്ലേജാവാന്‍ മീങ്കുഴി ഒരുങ്ങുന്നു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും പയ്യന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തി പ്രദേശമായ കാനായി അണക്കെട്ടിന് സമീപത്താണ് നാല് കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതി ഒരുങ്ങുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഇതിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാവുമെന്ന് ആര്‍ക്കിടെക്റ്റ് കെ.മധുകുമാര്‍ പറഞ്ഞു.

പയ്യന്നൂര്‍ നഗരസഭ പ്രദേശത്തെ അധികം പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത പ്രകൃതിമനോഹരമായ പ്രദേശമാണ് മീങ്കുഴി.

ഇവിടെ പ്രകൃതിയൊരുക്കിയ സൗന്ദര്യത്തിന് ഒട്ടുംമങ്ങലേല്‍പ്പിക്കാതെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.

ശുദ്ധജലതടാകമായ ഇവിടെ വാട്ടര്‍ റിക്രിയേഷന്‍ സെന്ററില്‍ കുട്ടികള്‍ക്ക് നീന്തല്‍പഠിക്കാനുള്ള സൗകര്യത്തിന് പുറമെ നീന്തല്‍ മല്‍സങ്ങള്‍ നടത്താനുള്ള സംവിധാനവും ഒരുക്കും.

തടാകത്തിന് ചുറ്റിലും നടപ്പാതയും ഇരിപ്പിടങ്ങളുമുണ്ടാവും. രാവിലെയും വൈകുന്നേരവും ശുദ്ധവായു ശ്വസിച്ച് നടക്കാനുള്ള ജില്ലയിലെ ഏക വാക്കിങ്ങിവേയായി ഇതിനെ മാറ്റിയെടുക്കും.

കൂടാതെ നാടന്‍ഭക്ഷണം ലഭിക്കുന്ന ഫുഡ്‌കോര്‍ട്ടും ഒരുക്കുന്നുണ്ട്. മീങ്കുഴിയില്‍ നിന്നും പിടിച്ചെടുക്കുന്ന പുഴമല്‍സ്യങ്ങളായിരിക്കും ഫുഡ്‌കോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം.

ഇതോടൊപ്പം നിരവധി മനകളുടെയും ഇല്ലങ്ങളുടെയും നാടായ കൈതപ്രം പ്രദേശത്തെയും വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ ജന്‍മസ്ഥലമായ പാണപ്പുഴയേയും ബന്ധിപ്പിച്ച് സ്‌റ്റോറി ടെല്ലിംഗ് ടൂറിസവും ആരംഭിക്കും.

മുത്തച്ഛന്‍മാരുടെ നാവിന്‍തുമ്പത്തുനിന്നുള്ള നാടിന്റെ കഥകള്‍ കേള്‍ക്കാനുള്ള സ്ഥിരം   കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.

ഇതോടൊപ്പം നിലവില്‍ പയ്യന്നൂര്‍ കാപ്പാട് ആരംഭിച്ച ടൂറിസം വില്ലേജിനേയും കാനായി അണക്കെട്ടിനേയും ബന്ധിപ്പിച്ച് ബോട്ടിങ്ങും ആലോചനയിലുണ്ട്.

മീങ്കുഴി ശുദ്ധജലതടാകത്തില്‍ പെഡല്‍ബോട്ടിങ്ങും ഏര്‍പ്പെടുത്തും. ഇതൊടൊപ്പം മീങ്കുഴികാനായികൈതപ്രം പ്രദേശങ്ങളിലുള്ള വണ്ണാത്തിപ്പുഴയുടെ കരയിലെ ഗ്രാമങ്ങള്‍ സൈക്കിളിലൂടെ ചുറ്റിക്കറങ്ങാനുള്ള പദ്ധതിയും മീങ്കുഴി ടൂറിസം പദ്ധതിയിലുണ്ട്.

കോണ്‍ക്രീറ്റ് ചെയ്യാത്ത നാട്ടുപാതകളിലൂടെ മാത്രമായിരിക്കും സൈക്ലിംഗ്.

നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ വില്ലേജ് ടൂറിസം പദ്ധതിയില്‍ കൈതപ്രംപ്രദേശത്തെ മുപ്പതോളും നാലുകെട്ടുകളില്‍ ഹോംസ്‌റേറകള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ ആലോചനയിലുണ്ടെന്ന് മധുകുമാര്‍ പറഞ്ഞു.