കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്ര പ്രശ്‌നം: വി.ടി.വി.ദാമോദരന്‍ ജോണ്‍ബ്രിട്ടാസ് എം.പി.ക്ക് നിവേദനം നല്‍കി

അബുദാബി: യു.എ.ഇയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുകയോ, സര്‍വീസ് അനുവദിക്കണമെന്ന വിദേശ വിമാനക്കമ്പനികളുടെ ആവശ്യം

പരിഗണിക്കുവാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പരിഹാരം നേടുവാന്‍ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് സാമൂഹ്യപ്രവര്‍ത്തകനായ വി.ടി.വി.ദാമോദരന്‍ നിവേദനം നല്‍കി.

വളരെ മികച്ച സൗകര്യവും സാമീപ്യവും കാരണം വടക്കന്‍ കേരളത്തില്‍ ഉള്ളവരെകൂടാതെ കര്‍ണ്ണാടകയിലെ ചില ഭാഗങ്ങളില്‍ ഉള്ളവരും കണ്ണൂര്‍ വിമാനത്താവളത്തിനെ കൂടുതല്‍ ആശ്രയിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ വികലമായ തീരുമാനം സാധാരണക്കാരായ പ്രവാസികളെയും കുടുംബാംഗങ്ങളെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതുമാണ്.

അടുത്ത ദിവസങ്ങളിലായി ഒരു വിമാനക്കമ്പനി കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഭീമമായ ചാര്‍ജാണ് ഈടാക്കുന്നത്.

യു.എ ഇ യില്‍ വിദ്യാലയങ്ങളുടെ അവധിക്കാലം വരാനിരിക്കുന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധനയും സര്‍വീസുകളുടെ കുറവും സാധാരണക്കാരായ പ്രവാസികളെയും കുടുംബാംഗങ്ങളെയും വളരെയധികം ദോഷകരമായി ബാധിക്കും.

ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും നിവേദനത്തില്‍ ജോണ്‍ ബ്രിട്ടാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തിനെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് മേല്‍പറഞ്ഞ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി, കേരള മുഖ്യമന്തി, കേന്ദ്ര വിദേശകാര്യ സഹമന്തി, മലബാറില്‍ നിന്നുള്ള എംപിമാര്‍ എന്നിവര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പേ നിവേദനം നല്‍കിയിരുന്നു.