വ്യാപാരികളും നഗരസഭാഅധികൃതരും തമ്മില്‍ വാക്കേറ്റം.

തളിപ്പറമ്പ്: ലൈസന്‍സ് പുതുക്കാന്‍ മാലിന്യപെട്ടികള്‍ സ്ഥാപിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യണം, തളിപ്പറമ്പ് നഗരസഭയില്‍ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കേറ്റം.

വ്യാപാരികള്‍ ലൈസന്‍സ് പുതുക്കുന്നതിന് ചെന്നപ്പോള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥന്മാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കാതെ തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടായതിന്റെ കാരണം അന്വേഷിച്ച് ചെന്ന വ്യാപാരി നേതാക്കളോട് കടകളില്‍ മാലിന്യം നിക്ഷേപം നടത്തുന്നതിനുവേണ്ടി രണ്ട് വേസ്റ്റ് ബിന്നുകള്‍ പുതുതായി സ്ഥാപിച്ചുകൊണ്ട് അതിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നിലവില്‍ തളിപ്പറമ്പില്‍ മുനിസിപ്പാലിറ്റിയും ഹരിതസേനയും സംയുക്തമായി ചേര്‍ന്ന് ഫീസ് കൊടുത്ത് വ്യാപാരികളുടെ മാലിന്യങ്ങള്‍ തരംതിരിച്ച് പ്ലാസ്റ്റിക്കും പേപ്പറും വേറെ വേറെ നല്‍കി ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്‌കരണത്തിന് വ്യാപാരികള്‍ സഹകരിക്കുന്നുണ്ട്.

ചില അപാകതകള്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരികളും കഴിഞ്ഞ കാലം തന്നെ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതൊന്നും കാണാത്ത രീതിയില്‍ ലൈസന്‍സ് എടുത്തു വ്യാപാരം ചെയ്യുന്ന വ്യാപാരികളുടെ മേല്‍ നിബന്ധനകള്‍ കര്‍ശനമാക്കിക്കൊണ്ട് ലൈസന്‍സ് എടുക്കുന്നതിന് നിബന്ധനകള്‍ ലഘൂകരിക്കേണ്ട ഉദ്യോഗസ്ഥന്മാര്‍ തന്നെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്ന് വ്യാപാരി നേതാക്കളായ കെ.എസ്.റിയാസും വി.താജുദ്ദീനും പറയുന്നു.

പിഴ ഇല്ലാതെ ലൈസന്‍സ് പുതുക്കേണ്ട അവസാന തീയതി ഇന്നലെ ആയിരുന്നു. നിരവധിയാളുകളെയാണ് ലൈസന്‍സ് നല്‍കാതെ മടക്കി അയച്ചത്.

ലൈസന്‍സ് എടുക്കാതെ വ്യാപാരം ചെയ്യുന്ന വഴിയോര കച്ചവടക്കാര്‍ക്കും ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്കും ചൂട്ടു പിടിക്കുന്ന നയമാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.

ഈ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ജില്ലാ സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ചുകൊണ്ട് ലൈസന്‍സ് പുതുക്കുന്നതും ഹരിതസേനയില്‍ യൂസേഴ് ഫീസ് കൊടുക്കുന്നതും ഒന്നുകൂടി ആലോചിക്കേണ്ടിവരും എന്ന് യൂണിറ്റ് പ്രസിഡണ്ട് കെ.എസ്.റിയാസ് പറഞ്ഞു.