വ്യാപാരികള്‍ക്ക് സ്വതന്ത്രമായും സമാധാനത്തോടും വ്യാപാരം ചെയ്യാന്‍ സാഹചര്യമൊരുക്കുക: കെ.എസ്.റിയാസ്-

തളിപ്പറമ്പ്: സമൂഹത്തില്‍ വളരെയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്റെ ഉപജീവനമാര്‍ഗ്ഗം തേടുന്ന വ്യാപാരികള്‍ക്ക് മന:സമാധാനത്തോടെയും സ്വാതന്ത്രത്തോടെയും വ്യാപാരം ചെയ്യുന്നതിനു സാഹചര്യമൊരുക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗ്
ജില്ലാ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ മാതമംഗലം പട്ടണത്തില്‍ രണ്ട് വ്യാപാരികള്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യമാണ് ഉണ്ടായത്.

ഇവരെ വ്യാപാരം ചെയ്യാന്‍ അനുവദിക്കാതെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു കൊണ്ട് സ്വയം സംരംഭകരെയും വ്യാപാരികളെയും ഉന്മൂലനം ചെയ്യുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്.

സ്വയം സംരംഭകരെയും ചെറുകിട സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ മാതമംഗലം പട്ടണത്തിലെ രണ്ടു വ്യാപാരികള്‍ സ്ഥാപനങ്ങള്‍ പൂട്ടി പോകുന്ന സ്ഥിതിവിശേഷതിലെത്തിനില്‍ക്കുന്നത് ഗൗരവത്തില്‍ കാണണം.

നിലവിലെ വ്യാപാരികളെ അവിടെ തുടരുന്നതിനുള്ള സാഹചര്യം ഒരുക്കുകയും കേരളത്തിലെ വ്യാപാരികള്‍ക്ക് മനസമാധാനത്തോടും സ്വാതന്ത്രമായും വ്യാപാരം ചെയ്യാനുള്ള സാഹചര്യം ഒരുക്കി തരണം

എന്നും ആവശ്യപ്പെട്ടു കൊണ്ട് തദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ല കമ്മിറ്റിക്ക് വേണ്ടി യൂത്ത്‌വിംഗ് ജില്ല പ്രസിഡന്റ് കെ.എസ്.റിയാസ് നിവേദനം നല്‍കി.

എത്രയും പെട്ടെന്ന് മന്ത്രി ഇടപെട്ടു കൊണ്ട് മാതമംഗലത്തെ പ്രശ്‌നം തീര്‍ക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.