നാടിന്റെ സമഗ്രവികസനത്തിന് മൈന്‍ഡ് വരുന്നു–ഇനി വികസനകാലം-
പഴയങ്ങാടി: നാടിന്റെ സമഗ്ര വികസനത്തിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായി മാടായി കോഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനം മൈന്‍ഡ് (മാടായി ഇന്നൊവേറ്റീവ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പേര്‍സ് പ്രൈവറ്റ് ലിമിറ്റഡ്) പ്രവര്‍ത്തനമാരംഭിച്ചു.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികമേഖലയിലും, ആരോഗ്യമേഖലയിലും അടിസ്ഥാനസൗകര്യവികസനത്തിലുമാണ് മുന്‍ഗണന നല്‍കുന്നത്.
കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന് ഇന്ത്യയില്‍ എവിടെയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഫലപ്രദമായി ഇടപെടാന്‍ സാധിക്കും.
കമ്പനിക്ക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും ബ്രാന്‍ഡ് ചെയ്തു വില്‍ക്കാനും സാധിക്കും.
ആരോഗ്യരംഗത്ത് പോളി ക്ലിനിക്കുകള്‍, സര്‍ജ്ജിക്കല്‍ ഔട്ട്‌ലെറ്റുകള്‍, സ്‌കാനിങ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും തുടങ്ങും.
അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായി വന്‍കിട കെട്ടിടങ്ങളുടേയും പാലങ്ങളുടെയും നിര്‍മ്മാണം ഉള്‍പ്പെടെ ഏറ്റെടുക്കും. ഓട്ടോമൊബൈല്‍ രംഗത്തും കമ്പനിക്ക് സാധ്യതകളുള്ളതും പ്രയോജനപ്പെടുത്തും.
ഓഫീസിന്റെ ഉദ്ഘാടനം എരിപുരത്ത് മുന്‍ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിച്ചു.
ടി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഒ.വി.നാരായണന്‍ മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഗോവിന്ദന്‍, എം.ശ്രീധരന്‍, സഹീദ് കായിക്കാരന്‍, സി.പി.എം മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, സെക്രട്ടറി പി.വിമല ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു
. ചെയര്‍മാന്‍ പി.പി.ദാമോദരന്‍ സ്വാഗതവും, മാനേജിംഗ് ഡയറക്ടര്‍ സുധാകരന്‍ കാന നന്ദിയും പറഞ്ഞു.