മിസ് കേരള ജേതാക്കളുടെ അപകടമരണം-ഹോട്ടലുടമയെ പോലീസ് ചോദ്യം ചെയ്തു-

കൊച്ചി: മിസ് കേരള ജേതാക്കളുടെ അപകടമരണം, ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്തുതുടങ്ങി. ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ ഹാജരാക്കി.

മുന്‍ മിസ്‌കേരളാ ജോതാക്കള്‍ കാറപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഗത നീക്കാന്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാട്ടിനെയാണ് ചോദ്യം ചെയ്യുന്നത്.

എ.സി.പി നിസാമുദ്ദീന്‍, സി.ഐ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത്മണിയോടെയാണ് റോയ് ഏറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഹാജരായത്.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറുമായി സ്‌റ്റേഷനില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.

റോയ് ഹാജരാക്കിയ ഒരു ഡി.വി.ആറിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ മറ്റൊരു ഡി.വി.ആര്‍ കൂടിയുണ്ടെന്നും അതും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അപകടത്തില്‍പെട്ട കാറിനെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യം ചെയ്തിരുന്നു.

അപകടത്തിന് ശേഷം സൈജു റോയിയേയുംഹോട്ടലിലെ മറ്റ് ജീവനക്കാരെയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

റോയിയുടെ അടുത്ത സുഹൃത്തുകൂടിയാണ് സൈജു. റോയിയുടെ നിര്‍ദ്ദേശപ്രകാരമാണ് മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതെന്നാണ് പോലീസിന് നല്‍കിയ വിവരം.

അപകടത്തില്‍പെടുന്നതിന് മുമ്പ് മോഡലുകള്‍ റോയ് വയലാട്ടിന്റെ ഹോട്ടലില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.