ഒത്തുപിടിച്ചാല്‍ മല മാത്രമല്ല, മാലിന്യവും പോകും-ഇത് അള്ളാംകുളത്തെ ഷബിത മോഡല്‍-സംസ്ഥാനത്തിന് മാതൃക-
തളിപ്പറമ്പ്: ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ലിന് ഒത്തുപിടിച്ചാല്‍ മാലിന്യവും പോകും എന്ന തിരുത്തലുമായി തളിപ്പറമ്പ് നഗരസഭാ അള്ളാംകുളം വാര്‍ഡ് കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ എം.കെ.ഷബിത. താലൂക്ക് ഗവ.ആശുപത്രിയുള്‍പ്പെടെ നിരവധി പൊതു സ്ഥാപനങ്ങളുള്ള തളിപ്പറമ്പ് നഗരസഭയിലെ 12ാം വാര്‍ഡായ അള്ളാംകുളം വാര്‍ഡിന്റെ തീരാതലവേദനയായിരുന്നു കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍, ഇതില്‍ കൂടുതലും വീടുകളില്‍ നിന്നുള്ളവയായിരുന്നു. പുതുതായി അധികാരമേറ്റ നഗരസഭാ കൗണ്‍സിലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നവും മാലിന്യസംസ്‌ക്കരണമായിരുന്നു. 860 വോട്ടര്‍മാരും 300 വീടുകളുമുള്ള വാര്‍ഡിനെ 100 വീടുകള്‍ വീതമുള്ള 3 ക്ലസ്റ്ററുകളായി തിരിച്ചാണ് മിഷന്‍ ക്ലീനപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മാലിന്യമുക്ത വാര്‍ഡ് എന്ന പേരില്‍ മൂന്ന് വാട്‌സാപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചു. ഈ ഗ്രൂപ്പുകളിലൂടെ നിരന്തരമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് മിഷന്‍ക്ലീനപ്പ് വിജയിപ്പിച്ചത്. ശുചീകരണത്തില്‍ മികച്ചു നില്‍ക്കുന്ന വീടുകള്‍ക്കും വ്യക്തികള്‍ക്കും പ്രത്യേക സമ്മാന പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടതോടെ കോവിഡ് ലോക്ഡൗണ്‍കാലത്ത് വീടുകളില്‍ ഒതുങ്ങിപ്പോയ ആളുകള്‍ വീടും പരിസരവും മാലിന്യമുക്തമാക്കാന്‍ പൂര്‍ണമായി സഹകരിച്ചു. വാടകവീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി ബേക്കറി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരുമാണ് തുടക്കത്തില്‍ മിഷന്‍ക്ലീനപ്പിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചതെങ്കിലും നിരന്തരമായ ഇടപെടലുകളിലൂടെ അതും മറിതടക്കാന്‍ സാധിച്ചതാണ് പദ്ധതി വലിയ വിജയമാക്കിയതെന്ന് കൗണ്‍സിലര്‍ എം.കെ.ഷബിത പറഞ്ഞു. തളിപ്പറമ്പിലെ അള്ളാംകുളം വാര്‍ഡിനെ കേരളം മാതൃകയാക്കണമെന്ന മിഷന്‍ക്ലീനപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടുള്ള തദ്ദേശസ്വംയംഭരണ വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം പുതിയൊരു നാഴികക്കല്ലായി മാറുകയാണ്.