തീപ്പൊരിനേതാവ് മോഹന്‍ യാദവ് മധ്യപ്രദേശിനെ നയിക്കും

ഭോപ്പാല്‍: മോഹന്‍യാദവ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാവും. ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകട്ടെയെന്ന തീരുമാനത്തിലേക്ക് ബിജെപി ദേശീയ നേതൃത്വം എത്തിയത്.

ശിവരാജ് സിങ് ചൗഹാന്റെ പിന്‍മുറക്കാരന്‍ അതേവിഭാഗത്തില്‍ നിന്നുള്ളയാള്‍ തന്നെയാകണമെന്ന ബിജെപിയുടെ നിര്‍ബന്ധവും മോഹന്‍യാദവിന് ‘സഹായകരമായി.

ആര്‍എസ്എസ് ദേശീയ നേത്യത്വവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന മധ്യപ്രദേശിലെ പ്രമുഖ ബിജെപി നേതാവ് കൂടിയാണ് മോഹന്‍ യാദവ്.

പാര്‍ട്ടിയുടെ താഴെത്തട്ടിലൂടെ പ്രവര്‍ത്തനം ആരംഭിച്ചാണ് മോഹന്‍ യാദവ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ ഉജ്ജയിന്‍ സൗത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള മോഹന്‍ യാദവ് ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

2018 മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഇന്ത്യയുടെ പാരമ്പര്യവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ചില നീക്കങ്ങളാണ് പിന്നീട് ദേശീയ വിദ്യാഭ്യാസനയമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തരത്തിലേക്ക് വളര്‍ന്നത്.

തീപ്പൊരി പ്രസംഗങ്ങളും വര്‍ഗീയ വിദ്വേഷം പുലര്‍ത്തുന്ന നിരവധി വിവാദപരാമര്‍ശങ്ങളും മോഹന്‍ യാദവിനെ ഏറെ ശ്രദ്ധേയനാക്കി.

ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്. സംസ്ഥാന നേതൃത്വത്തിനോടും കേന്ദ്ര നേതൃത്വത്തിനോടും എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹത്തോടും പിന്തുണയോടും കൂടി എന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും.

മോഹന്‍യാദവ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നെങ്കിലും എംഎല്‍എമാര്‍ ദേശീയ നേതൃത്വത്തിന് മുന്‍പാകെ മോഹന്‍യാദവിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13,000ല്‍ അധികം വോട്ടുകള്‍ക്കായിരുന്നു മോഹന്‍ യാദവിന്റെ വിജയം.

1965 മാര്‍ച്ച് 25 ന് പൂനംചന്ദ് യാദവിന്റെ മകനായാണ് മോഹന്‍ യാദവിന്റെ ജനനം.

സീമ യാദവാണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.

ബിഎസ് സി എല്‍എല്‍ബി, എംഎ, എംബിഎ, പിഎച്ച്ഡി തുടങ്ങി ബിരുദങ്ങളും മോഹന്‍ യാദവിനുണ്ട്.

നവംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്.

പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.