മുയ്യക്കാരന് മുയ്യക്കാരന്‍ നല്‍കിയ പണം മുയ്യക്കാരന് കിട്ടി-പക്ഷെ, ഒരു ലക്ഷം ആവിയായി-

തളിപ്പറമ്പ്: വയോധികന്റെ നഷ്ടപ്പെട്ട ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ തിരിച്ചു കിട്ടി.

ഇന്ന് രാവിലെ തളിപ്പറമ്പ് കോടതിക്ക് സമീപത്തെ തട്ട് കടക്ക് സമീപം ഉപേക്ഷിക്കപ്പെട്ട പൊതിയിലാണ് പണം ഉണ്ടായിരുന്നത്.

തട്ടികടയുടമ കരുണാകരനാണ് പൊതി ആദ്യം കണ്ടത്. സംശയംതേന്നി കടയില്‍ ചായകുടിക്കാനെത്തിയ ബോംബെ പ്ലാസ്റ്റിക്ക് കമ്പനി ജീവനക്കാരന്‍ മുയ്യത്തെ എം ടി.ബാലനെയും കൂട്ടിവന്ന് പരിശോധിച്ചപ്പോഴാണ് പണമാണെന്ന് മനസിലായത്.

ഉടന്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തി പണം ഏല്‍പ്പിക്കുകയായിരുന്നു. ഇതില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി വരുന്നതിനിടയിലാണ് പണം ലഭിച്ചത്.

വരഡൂല്‍ ചെക്കിയില്‍ ഹൗസില്‍ സി.ബാലകൃഷ്ണന്റെ(67) പണമാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ നഷ്ടമായത്.

ബാലകൃഷ്ണന്റെ പേരിലുള്ള 27 സെന്റ് സ്ഥലംവില്‍പ്പന നടത്തിയതിന് ലഭിച്ച ആറുലക്ഷം രൂപയാണ് തളിപ്പറമ്പ് മെയിന്‍ റോഡിലെ വളക്കടയില്‍ വെച്ച് നഷ്ടപ്പെട്ടത്.

കടലാസില്‍ പൊതിഞ്ഞ പണം വളം വാങ്ങുന്നതിനിടയില്‍ കടയിലെ ഒരു ചാക്കിന് മുകളില്‍ വെച്ചിരുന്നു.

തിരിച്ചുപോകുമ്പോള്‍ ഈ കെട്ടിന് പകരം ചീരവിത്ത് അടങ്ങിയ മറ്റൊരു കെട്ട് മാറിയെടുക്കുകയായിരുന്നു.

ബസ്റ്റാന്റിലെത്തിയപ്പോഴാണ് പണമടങ്ങിയ കെട്ട് നഷ്ടപ്പെട്ടതായി അറിഞ്ഞത്.

ഉടന്‍ തന്നെ മൊയ്തീന്‍ പള്ളിക്ക് സമീപത്തുള്ള ഇന്ത്യന്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്ന കടയിലെത്തിയെങ്കിലും പണപ്പൊതി ലഭിച്ചില്ല.

കടയുടെ സമീപത്തുള്ള സി.സി.ടി.വി കാമറകള്‍ പോലീസ് പരിശോധിച്ചുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.