മൂത്തേടത്ത് എന്‍.എസ്.എസിന്റെ കുപ്പിക്കട്ടകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം
തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിന് വേറിട്ട മാതൃക സൃഷ്ടിച്ച മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം
യൂണിറ്റിന് ജില്ലാ ഭരണകൂടത്തിന്റെ ആദരവ്.
വീടുകളിലും പരിസര പ്രദേശങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരിക്കുകയും അവ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച് ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിക്കുകയുമായായിരുന്നു.
തുടര്‍ന്ന് വളണ്ടിയര്‍മാര്‍ ഇത്തരം ഇക്കോ ബ്രിക്കുകള്‍ ഉപയോഗിച്ച് സ്‌കൂള്‍ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ വിശ്രമ ബെഞ്ച് നിര്‍മ്മിക്കുകയും ചെയ്തു.
ശനിയാഴ്ച മട്ടന്നൂരില്‍ പ്ലാസ്റ്റിക്ക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരള മിഷന്‍ സംഘടിപ്പിച്ച ഹരിതഭൂമിക 2022 പരിപാടിയില്‍ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത്
മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ച മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിനുള്ള ഉപഹാരവും പ്രശംസാ പത്രവും ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ കെ.കെ ശൈലജ എം.എല്‍.എ കൈമാറി.
പ്രിന്‍സിപ്പാള്‍ കെ.പി.രജിത, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.വി.രസ്‌ന മോള്‍, വളണ്ടിയര്‍മാരായ പി.വി.അമല്‍രാജ്, സിദ്ധാര്‍ത്ഥ് ബാബു, സി.സാഗര സജീവ്, ജെ.കെ.ഗോപിക എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.