മരിച്ച ചന്ദ്രാജി അന്ന് രാത്രി മോര്‍ച്ചറിയില്‍ എഴുന്നേറ്റു–മോര്‍ച്ചറി@40.

 

സിനിമകാണിച്ച് പ്രേക്ഷകരെ ഭയപ്പെടുത്തുക എന്നത് ചില്ലറകാര്യമല്ല.

മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ സിനിമയായ ഭാര്‍ഗ്ഗവീനിലയം മുതല്‍ 2023 ലെ നീലവെളിച്ചം വരെയുള്ള സിനിമകള്‍ എടുത്തുനോക്കിയാല്‍ പ്രേക്ഷകരെ ഞെട്ടിപ്പിച്ച സിനിമകള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്.

അതില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് 1978 ലെ ലിസ.

വെറുതെ പേടിപ്പിക്കുക മാത്രമല്ല, ഹൃദയസ്പര്‍ശിയായ ഒരു കഥയും അതിന് അനുയോജ്യമായ ഒരു ക്ലൈമാക്‌സും ആ സിനിമക്ക് ഉണ്ടായിരുന്നു.

ഭയപ്പെടാനായി പോലും ആളുകള്‍ നാലും അഞ്ചും തവണ ആ സിനിമ കണ്ടു എന്നതാണ് സംവിധായകന്‍ ബേബിയുടെ വിജയം.

ഇന്നും ലിസയെ കവച്ചുവെക്കുന്ന ഒരു ഹൊറര്‍ സിനിമ മലയാളത്തില്‍ വന്നിട്ടില്ലെന്ന് നിസംശയം പറയാം.

അതിന് ശേഷം കരിമ്പൂച്ച(1981), മോര്‍ച്ചറി(1983)കുരിശുയുദ്ധം(1984), വീണ്ടും ലിസ(1987) എന്നീ ഹൊറര്‍ സിനിമകളും ബേബി സംവിധാനം ചെയ്തുവെങ്കിലും അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

വീണ്ടും ലിസ ഒരു ഹൊറര്‍ മൂഡ് ഉണ്ടാക്കുന്നതില്‍ വിജയിച്ചുവെങ്കിലും കഥയില്ലായ്മയാണ് സിനിമക്ക് വിനയായത്.

മോര്‍ച്ചറി-(1983-മാര്‍ച്ച്-12).

1981 ല്‍ കണ്ണൂരില്‍ ചിത്രീകരിച്ച അട്ടിമറി എന്ന ചിത്രം കഥയെഴുതി നിര്‍മ്മിച്ച പുഷ്പരാജന്റെ രണ്ടാമത്തെ സിനിമ ഹൊറര്‍ വിഷയമായ പോസ്റ്റ്‌മോര്‍ട്ടം ആയിരുന്നു.

ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ വലിയ വിജയം നേടിയതോടെയാണ് അടുത്ത സിനിമയും ഹൊറര്‍ വിഷയമായ മോര്‍ച്ചറി ആയത്.

പ്രേംനസീര്‍, മധു, ശ്രീവിദ്യ, ശങ്കര്‍, കുതിരവട്ടംപപ്പു, മണിയന്‍പിള്ള രാജു, ടി.ജി.രവി. ക്യാപ്റ്റന്‍രാജു, രാമു, ബാലന്‍.കെ.നായര്‍, ജഗന്നാഥവര്‍മ്മ, ചന്ദ്രാജി, സി.ഐ.പോള്‍, കാവല്‍ സുരേന്ദ്രന്‍, ഹരി, സ്വപ്‌ന, അനുരാധ, സബിത ആനന്ദ്, സുനന്ദ, ജൂബി തുടങ്ങിയ വലിയ താരനിര തന്നെ മോര്‍ച്ചറിയില്‍ ഉണ്ടായിരുന്നു.

രാജപുഷ്പയുടെ ബാനറില്‍ പുഷ്പരാജന്‍ കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ച സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് ഡോ.എം.കെ.പവിത്രന്‍.

കെ.ബി.ദയാളന്‍ ക്യാമറയും ജി.മുരളി എഡിറ്റിഗും നിര്‍വ്വഹിച്ചു.

കലാസംവിധാനം വേലപ്പന്‍, ഡിസൈന്‍ രാധാകൃഷ്ണന്‍(ആര്‍.കെ).

എ.കുമാരസ്വാമി ആന്റ് കമ്പനിയായിരുന്നു വിതരണക്കാര്‍.

ഒരു മോര്‍ച്ചറി സീന്‍ ഒഴികെ മറ്റ് കാര്യമായ ഹൊറര്‍ സീനൊന്നുമില്ലാത്ത സിനിമ ബോക്‌സോഫീസില്‍ വന്‍പരാജയമായി.

1984 ല്‍ പുഷ്പരാജന്‍ കുരുശുയുദ്ധം എന്ന മറ്റൊരു ഹൊറര്‍ സിനിമകൂടി നിര്‍മ്മിച്ചുവെങ്കിലും അതും ചീറ്റിപ്പോയി.

 

ഗാനങ്ങള്‍(രചന-പൂവ്വച്ചല്‍ ഖാദര്‍-സംഗീതം-കെ.ജെ.ജോയ്).

1-അമൃതസരസിലെ അരയന്നമേ-യേശുദാസ്

2-നിയമങ്ങള്‍ ഒരുഭാഗം-യേശുദാസ്.