ഇസ്ലാമോഫോബിയ വളര്‍ത്തി വെറുപ്പ് പ്രചരിപ്പിക്കാനുള്ള ശ്രമം അപലപനീയം: മുജാഹിദ് സമ്മേളനം

കുറുമാത്തൂര്‍: സമാധാനത്തിന്റെ മതമായ ഇസ്ലാമിലെ സാങ്കേതിക പദങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിഭാഗീയതയും പ്രചരിപ്പിക്കാനുള്ള

ശ്രമങ്ങളെ തിരിച്ചറിഞ്ഞ് അത്തരം ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം രംഗത്ത് വരണമെന്ന് കുറുമാത്തൂരില്‍ സംഘടിപ്പിച്ച വിസ്ഡം തളിപ്പറമ്പ് മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.

മതനിരപേക്ഷതയും, മത സ്വാതന്ത്രവും ഉറപ്പു നല്‍കുന്ന ഭരണഘടനാ അവകാശങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാന്‍ ഭരണകര്‍ത്താക്കള്‍ ബോധപൂര്‍വ്വം ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

അധാര്‍മ്മികതയും യുക്തിവാദവും സമൂഹത്തെ വഴി തെറ്റിക്കാന്‍ ശ്രമിക്കുമ്പോള്‍ ധാര്‍മ്മികതയുടെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും,

മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇസ്ലാം പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ടെന്നും ഏകനായ സ്രഷ്ടാവിലേക്ക് മടങ്ങുകയും ചെയ്യണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വിസ്ഡം സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്ലത്തീഫ് മദനി ഉദ്‌ബോധിപ്പിച്ചു.

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഭരണ കര്‍ത്താക്കളുടെ കര്‍ത്തവ്യമാണെന്നും യുവാക്കളെയും, സാധാരണ ജനങ്ങളെയും വഴി തെറ്റിക്കുന്ന സമൂഹത്തെ നേര്‍വഴിയിലേക്ക്

\നടത്താന്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന വിവിധ ബോധവല്‍ക്കരണത്തിന് സാധിക്കുന്നുണ്ട് എന്നത് സന്തോഷകരമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത സജീവ് ജോസഫ് M L A അഭിപ്രായപ്പെട്ടു.

വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനാധിപത്യപരമായി ചെറുത്ത് തോല്‍പിക്കാന്‍ മതേതര കക്ഷികളുടെ ഐക്യനിര സൃഷ്ടിക്കുക

മാത്രമാണ് ആവശ്യമായിട്ടുള്ളത് എന്ന് സമകാലിക വിഷയങ്ങളും ഇസ്ലാമും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ച സി.പി സലീം പറഞ്ഞു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൈയ്യൊഴിക്കാനും, ആത്മീയചൂഷണങ്ങള്‍ക്കെതിരെ ബോധമുള്ളവരാകാന്‍ വിശ്വാസം സമൂഹം തയ്യാറാവണമെന്ന് ശരീഫ് കാര പറഞ്ഞു.

നാനാജാതി മനുഷ്യരെയും ഏകോദര സഹോദരങ്ങളെപ്പോലെ കാണാന്‍ ശ്രമിക്കുകയും, ഏക ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു

നടക്കുകയും ചെയ്യുക എന്നതാണ് വിഭാഗീയത ഇല്ലാതാക്കാനുള്ള നേരായ മാര്‍ഗ്ഗമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുജാഹിദ് ബാലുശ്ശേരി പറഞ്ഞു.

സമ്മേളനത്തില്‍ കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.പി.ഹുസൈന്‍കുഞ്ഞി, കെ.പി.മുഹമ്മദ്കുഞ്ഞി, പി.കെ.ഹാഷിം, ജാഫര്‍ കാവുമ്പടി, കെ.പി.ഹനീഫ അമീന്‍ ശിബില്‍ എന്നിവര്‍ സംസാരിച്ചു.