പുതുവല്‍സര ദിനമായ ഇന്നലെ തളിപ്പറമ്പ് നഗരത്തില്‍ യു.ഡി.എഫ് നടത്തിയ വിജയാരവം എന്ന പരിപാടി മണിക്കൂറുകളോളം നഗരത്തിലെ ജനങ്ങളെ ബന്ദികളാക്കി മാറ്റി.
സംഭവത്തില്‍ പോലീസ് നഗരസഭ ചെയര്പേഴ്സന്, ഡെപ്യൂട്ടി ചെയര്പേഴ്സന് എന്നിവര്‍ ഉള്‍പ്പെടെ 212 പേര്‍ക്കെതിരെ കേസെടുത്തിരിക്കയാണ്.
കേസെടുത്തതിനെ ഒരിക്കലും കുറ്റം പറയാനാവില്ല.
ജനങ്ങള്‍ക്ക് സ്വസ്ഥതയും സമാധാനവും നല്‍കുന്നതിനാണ് ജനപ്രതിനിധികളായി തളിപ്പറമ്പിലെ ജനങ്ങള്‍ ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
സയ്യിദ്നഗര്‍ മുതല്‍ തളിപ്പറമ്പ് ടൗണ്‍ വരെയുള്ള വിജയാരവം പരിപാടിക്കിടയില്‍ കുടുങ്ങിപ്പോയത് ആയിരക്കണക്കിനാളുകളാണ് എന്നോര്‍ക്കണം.
ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍, സ്ക്കൂള് വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍, ജോലി കഴിഞ്ഞ് വീട്ടിലെത്താന്‍ തിടുക്കപ്പെടുന്ന വീട്ടമ്മമാര്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ റോഡില്‍ കുടുങ്ങി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞിട്ട് ഇന്നലെ 19 ദിവസം പൂര്‍ത്തിയായി.
അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കാമായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ളാദിക്കേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല.
റോഡ് നിറഞ്ഞുകവിഞ്ഞ ആഹ്ലാദപ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നിരുന്നു.
പക്ഷെ, ഇന്നലെ നടന്നതുപോലുള്ള ആളുകളെ വെറുപ്പിക്കുന്ന, റോഡ് ഗതാഗതത്തെ തടസപ്പെടുത്തുന്ന, ആളുകളെ ദ്രോഹിക്കുന്ന ഒരു പരിപാടികളും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്.
തളിപ്പറമ്പ് നഗരസഭയില്‍ അഥിത്യമധുരം എന്ന പേരില്‍ നടപ്പിലാക്കിയ പരിപാടി ഉള്‍പ്പെടെ പ്രഥമ കൗണ്‍സില്‍ യോഗത്തില്‍ ചെയര്പേഴ്സന് പി.കെ.സുബൈര്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികള്‍ കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ സാര്‍വത്രിക അംഗീകാരം പിടിച്ചുപറ്റിയിരുന്നു.
അതിന്റെ ശോഭ കെടുത്തുന്ന രീതിയിലായിപ്പോയി വിജയാരവം പരിപാടി.
കേരളത്തിലെ ഏത് രാഷ്ട്രീയപാര്‍ട്ടികളായാലും പൊതുഗതാഗതത്തെ ബാധിക്കുന്ന വിധത്തില്‍ ഇത്തരം പരിപാടികള്‍ നടത്തരുത്.
ബന്ദിനോടും ഹര്‍ത്താലിനോടും കാണിച്ച അതേ സമീപനം തന്നെ ഇത്തരം പരിപാടികളോടും സര്‍ക്കാര്‍ കാണിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും വിജയാഘോഷങ്ങളും കഴിഞ്ഞു-ഇനി ജനങ്ങളെ വെറുപ്പിക്കാതെ ഭരിക്കാനുള്ള അവസരമാണ്, അത് പരമാവധി ഉപയോഗപ്പെടുത്തുക.