സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരന്റേതായി ഇന്നത്തെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇന്ന് മുഖം നോക്കാതെ വിഷയമാക്കുന്നത്.
മുരളീധരന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ തിങ്കളാഴ്ച്ച തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുകയാണ്.
പുതുവല്‍സരാഘോഷത്തിന് മൈക്ക് ഉപയോഗിക്കാന്‍ അനുമതിനല്‍കാതെ മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷനെ പോലീസ് വേട്ടയാടുന്നതായാണ് മുരളീധരന്‍ ആരോപിക്കുന്നത്.
അദ്ദേഹത്തിന്റെ വാദങ്ങള്‍ നൂറുശതമാനവും ശരിയെന്ന് തന്നെയാണ് ഞങ്ങളുടെ പക്ഷം.
റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരിയായ മുരളീധരന്റെ പേരില്‍ പോലീസ് ഡിസംബര്‍ 31 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് മാത്രം
വിലയിരുത്തിയാല്‍ മതി 21-ാം നൂറ്റാണ്ടില്‍ പോലും എത്രമാത്രം പിന്നിലാണ് നമ്മുടെ നീതിനിര്‍വ്വഹണം മുന്നോട്ടുപോകുന്നതെന്ന് മനസിലാക്കാന്‍.
കോമത്ത് മുരളീധരന്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതോടെ ഉടലെടുത്ത പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കീഴാറ്റൂര്‍-മാന്തംകുണ്ട് പ്രദേശത്ത് പലരീതിയില്‍ പുകയുകയും കത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
കോമത്ത് മുരളീധരന്‍ ബി.ജെ.പിയിലേക്കോ അതല്ലെങ്കില്‍ കോണ്‍ഗ്രസിലേക്കോ മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലേക്കോ അല്ല പോയത് എന്നോര്‍ക്കണം.
അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര നിലപാട് പിന്തുടരുന്ന സി.പി.ഐയിലേക്കാണ് അദ്ദേഹം ചേര്‍ന്നത്.
പ്രവര്‍ത്തന മികവുകൊണ്ട് ആ പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സിലില്‍ വരെ എത്തുകയും ചെയ്തു.
മുരളീധരന്റെ നയങ്ങളോട് ആശയപരമായി വിയോജിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്, പക്ഷെ, ഇന്നത്തെ രീതി ഒട്ടും ശരിയല്ല.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാളയാട് വാര്‍ഡില്‍ മല്‍സരിച്ച സി.പി.ഐ സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നുവെങ്കില്‍ തളിപ്പറമ്പിന്റെ നഗരഭരണം ഇന്ന് ഒരു പക്ഷെ, സി.പി.എമ്മിന്റെ കയ്യിലിരുന്നേനെ-
എന്തുകൊണ്ട് തോറ്റു എന്നതിന് പിന്നില്‍ ഒരൊറ്റ അന്തര്‍ധാര മാത്രമേയുള്ളൂ മുരളീധര വിരോധം മാത്രം.
പൊന്തി പൊന്തി കീഴ്‌പ്പോട്ടേക്കമരുന്നു പടുവിഡ്ഡികള്‍ എന്ന കവിവാക്യം അന്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് ഇവിടെ സി.പി.എം മുന്നോട്ടുപോകുന്നത് എന്ന് പറയാതിരിക്കാന്‍ പറ്റില്ല.
മാസങ്ങള്‍ക്കകം നിയമസഭ തെരഞ്ഞെടുപ്പ് വരികയാണ്.
അതിനിടയില്‍ ഒരു റസിഡന്‍സ് അസോസിയേഷനെ കൊണ്ട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിക്കുന്ന വിധത്തിലേക്ക് ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും പോലീസും മുന്നോട്ട് പോകുന്നത് ശരിയായ രീതിയല്ല.
എന്തുകൊണ്ട് തോറ്റു എന്നന്വേഷിക്കാന്‍ വീടുകള്‍ കയറിയിറങ്ങാന്‍ പോകുന്നതിന് മുമ്പായി അവനവന്റെ പ്രായോഗികബുദ്ധി ഒന്ന് സ്വയം വിലയിരുത്തുകയാണ് അഭികാമ്യം.