തിരികെയെത്തിക്കണം നമ്മുടെ ധര്‍മ്മാശുപത്രികളെ-

ആരോഗ്യമേഖലയില്‍ ഇടതുപക്ഷം കേരളത്തെ വമ്പന്‍ കുതിച്ചുചാട്ടത്തിലെത്തിച്ചതായി മുഖ്യമന്ത്രി പലപ്പോഴായി ഊറ്റം കൊള്ളുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അതേക്കുറിച്ചാണ് ഇന്നത്തെ മുഖംനോക്കാതെ ചര്‍ച്ച ചെയ്യുന്നത്.

ഭരണവിരുദ്ധ വികാരത്തെ മാത്രം ആശ്രയിക്കാതെ ഭരണം പിടിക്കാന്‍ ബദല്‍വഴികള്‍ തേടാനുള്ള കോണ്‍ഗ്രസ് നീക്കത്തെക്കുറിച്ച് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന 2026 ലീഡേഴ്‌സ് സമ്മിറ്റില്‍ ധാരണയായതായി വാര്‍ത്തകളില്‍ കാണാനിടയായി.

തൊഴില്‍തേടി യുവാക്കള്‍ വിദേശത്തേക്ക് കടക്കുന്നതിന് തടയിടാന്‍ ഇവിടെ തൊഴില്‍ സാഹചര്യമൊരുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ തൊഴില്‍ രംഗങ്ങളുമായി കോര്‍ത്തിണക്കുക, ആരോഗ്യരംഗം, മനുശ്യ-വന്യജീവി സംഘര്‍ഷം, കാര്‍ഷിക-തീരമേഖലയിലെ പ്രശ്‌നങ്ങള്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ബദല്‍നയം രൂപവല്‍ക്കരിക്കാനാണ് തീരുമാനം.

ഇത് വളരെയേറെ സ്വാഗതാര്‍ഹമായ കാര്യമാണ്.

ഇതില്‍ മര്‍മ്മപ്രധാനമായ ഒന്നാണ് ആരോഗ്യമേഖല. ആരോഗ്യമേഖലയില്‍ വമ്പന്‍ കുതിച്ചുചാട്ടം നടത്തിയെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെ ധര്‍മ്മാശുപത്രികള്‍ എന്ന പഴയ പേരിലേക്കും പ്രവൃത്തിയിലേക്കും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞില്ല.

1957 ല്‍ ഇ.എം.എസ്.സര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ഡോ.എ.ആര്‍.മേനോന്‍ (ഡോ.അമ്പാട്ട് രാവുണ്ണി മേനോന്‍) ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ധര്‍മ്മാശുപത്രികള്‍ എന്ന സങ്കല്‍പ്പം തകര്‍ന്നടിയുന്ന കാഴ്ച്ചകളാണ് പിന്നീട് കണ്ടത്.

മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും ലണ്ടനില്‍ നിന്ന് എഫ്.ആര്‍.സി.എസും നേടിയ ഡോ.മേനോന്റെ ക്രാന്തദര്‍ശനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് 270 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജായ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്.

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെ ഭേദപ്പെട്ട നിലയില്‍ മെഡിക്കല്‍ കോളേജുകളുണ്ട്.

കാസര്‍ഗോഡും വയനാടും പ്രവര്‍ത്തനം ശൈശവദശയിലാണ്. കേരളത്തില്‍ 14 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും 21 സ്വകാര്യ മെഡിക്കല്‍ കോളേജുകളുമാണ് ഇപ്പോഴുള്ളത്.

പക്ഷെ, ചികില്‍സ ചെലവുകള്‍ താങ്ങാനാവുന്നതിലപ്പുറമായിരിക്കുന്നു.

 മുന്തിയ പരിഗണനനല്‍കി പഴയ ധര്‍മ്മാശുപത്രി കാലം തിരികെയത്തിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ യു.ഡി.എഫിന്റെ വിജയം കൂടുതല്‍ മികവുറ്റതാവും.

എ.ആര്‍.മേനോന് ശേഷം സി.പി.ഐ നേതാവ് കെ.പി.പ്രഭാകരന്റെ കാലത്തും എന്‍.കെ.ബാലകൃഷ്ണന്റെ കാലത്തുമാണ് ആരോഗ്യമേഖലയില്‍ മനുഷ്യത്വപരമായ മാറ്റങ്ങളുണ്ടായത്.

എന്തുകൊണ്ട് ധര്‍മ്മാശുപത്രികള്‍ തിരിച്ചുവരണം-?

ആര്‍ക്കും പ്രാഥമിക ചികില്‍സ പൂര്‍ണമായും സൗജന്യമായി ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഇവിടെ ഉണ്ടാവണം.

ഇപ്പോള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ 10 രൂപ ഒ.പി ടിക്കറ്റ് ഫീസ് വാങ്ങുന്നുണ്ട്.

2001-2004 കാലഘട്ടത്തില്‍ ആരോഗ്യമന്ത്രിയായിരുന്ന അഡ്വ.പി.ശങ്കരന്‍ ഏര്‍പ്പെടുത്തിയ 2 രൂപ ഒ.പി.ടിക്കറ്റ്ഫീസിനെതിരെ സമരം ചെയ്ത സി.പി.എം അധികാരത്തില്‍ വന്നതോടെ പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെ 10 രൂപ ഒ.പി ഫീസ് വാങ്ങിത്തുടങ്ങി.

ഇത്തരത്തില്‍ ശേഖരിക്കുന്ന തുക പാര്‍ട്ടി പ്രവര്‍ത്തകരെ ആശുപത്രി വികസനസമിതി വഴി വിവിധ തസ്തികകളില്‍ തിരുകിക്കയറ്റി ശമ്പളം നല്‍കാനാണ് കൂടുതലായും ഉപയോഗിക്കുന്നത്.

ഏതൊരാള്‍ക്കും സൗജന്യമായി ഡോക്ടറെ കാണാനും ചികില്‍സ തേടാനും സൗകര്യമുണ്ടാവണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരില്‍ 99 ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണെന്ന് ഓര്‍ക്കണം.

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പിങ്ക് കാര്‍ഡുള്ള ബി.പി.എല്‍ മുന്‍ഗണന വിഭാഗക്കാരില്‍ നിന്നുകൂടി ഫീസ് വാങ്ങുന്നത് തുടരുകയാണ്.

ഇവിടെ ഭരിക്കുന്ന പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള നൂറുകണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനാണ് ഈ തുക ഉപയോഗിക്കുന്നത്.

ഇത് അവസാനിപ്പിച്ചേ പറ്റൂ. കുറേ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് കൊണ്ട് മാത്രം ആരോഗ്യരംഗത്ത് വളര്‍ച്ച ഉണ്ടാവില്ല.

സൗജന്യ ചികില്‍സ ലഭിക്കേണ്ട സാധാരണക്കാരന് അത് പൂര്‍ണമായി ലഭിച്ചു എന്ന് ഉറപ്പുവരുത്താന്‍ കഴിയണം.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതില്‍ തികഞ്ഞ പരാജയമാണെന്ന് തെളിയിച്ചുകഴിഞ്ഞ നിലക്ക് ധര്‍മ്മാശുപത്രികളുടെ തിരിച്ചുവരവ് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം.