കടുവ, പുലി, ആന, കാട്ടുപോത്ത്, കാട്ടുപന്നി–ഈ മൃഗങ്ങള്‍ മുനഷ്യരെ ആക്രമിക്കുന്നു, കൊല്ലുന്നു, തിന്നുന്നു തുടങ്ങിയ വാര്‍ത്തകള്‍ ഇപ്പോള്‍ വായനക്കാരെ ഞെട്ടിക്കുന്നേയില്ല.
ഒരു ദിവസം അത്തരം വാര്‍ത്തകള്‍ കണ്ടില്ലെങ്കിലാണ് അല്‍ഭുതം.
വനം-വന്യജീവി വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി കടുവയെ പിടിക്കാന്‍ കൂടുവെക്കുന്നതും ആനയെ മയക്കുവെടിവെച്ച് പിടിക്കുന്നതുമാണ്.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഇത്തരം സംഘര്‍ഷങ്ങള്‍ മുന്‍കാലങ്ങളില്‍ ഇത്രയും വര്‍ദ്ധിച്ചിരുന്നില്ല, എന്താണിതിന് കാരണം.
മുഖംനോക്കാതെ ഇന്ന് ചര്‍ച്ച ചെയ്യുന്നത് അതേക്കുറിച്ചാണ്.
കാടിനും കാട്ടിലെ മൃഗങ്ങള്ക്കുമൊന്നും മുനഷ്യന്റെ സംരക്ഷണം ആവശ്യമില്ല, പക്ഷെ, കാട് വെട്ടിപ്പിടിച്ച് കയ്യേറുകയും ഇത്തരത്തില്‍ കയ്യേറുന്നവര്‍ക്ക് വര്‍ഷം തോറും പട്ടയമേളകള്‍ നടത്തി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതും റിസോര്‍ട്ട് മാഫിയയുടെ കടന്നുകയറ്റവുമാണ് കാട്ടിലെ മൃഗങ്ങളെ ദുരിതത്തിലാക്കിയത്.
പിന്നെ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയതുപോലുള്ള വനംവകുപ്പിന്റെ വനം സംരക്ഷണ പദ്ധതികളും കാട്ടുമൃഗങ്ങളെ നിലനില്‍പ്പിന് നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചു.
അശാസ്ത്രീയമായ പരീക്ഷണങ്ങളാണ് വനംവകുപ്പും അതിലെ കൊഞ്ഞാണന്മാരും നടത്തിക്കൊണ്ടിരിക്കുന്നത്.
കാടിന്റെ ജീവതാളം നശിപ്പിച്ച നാട്ടുവാസികളാണ്, വനംവകുപ്പ് അധികൃതരാണ് ഇന്നത്തെ പ്രശ്നങ്ങളുടെ കാരണക്കാര്‍.
ഏതൊരു ജീവിയുടെയും അടിസ്ഥാനപ്രശ്നം വിശപ്പാണ്.
വിശപ്പിന് പരിഹാരം തേടിയാണ് കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്.
കാട്ടിനകത്ത് കടുത്ത ഭക്ഷ്യക്ഷാമവും ജലക്ഷാമവും അനുഭവപ്പെടുന്നതിന്റെ തെളിവാണ് ജീവികളുടെ നാടിറക്കം.
ഇത്തരത്തില്‍ ഭക്ഷണം തേടിയെത്തുന്ന കാട്ടുമൃഗങ്ങള്‍ കൂട്ടിലടക്കപ്പെടുകയോ തോക്കിനിരയാവുകയോ വനംവകുപ്പിന്റെ മയക്കുവെടിമുനയില് മരണപ്പെടുകയോ ചെയ്യുന്നു.
ചില മൃഗങ്ങള്‍ക്ക് മൃഗശാലകളില്‍ ജീവപര്യന്തം തടവുശിക്ഷയും ലഭിക്കുന്നു.
ഇത്തരത്തില്‍ പോയാല്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തന്നെ കാട്ടുപന്നി എന്ന മൃഗം മ്യൂസിയം പീസുകളായി മാറും.
കാടുകളിലേക്കുള്ള മനുഷ്യരുടെ അനാവശ്യമായ കടന്നുകയറ്റം കര്‍ശനമായി തടയുകയും കൊടും കാടിന് നടുവിലെ കാനനസ്വര്‍ഗം എന്നപേരില്‍ പരസ്യം ചെയ്ത് കാടുകള്‍ കയ്യേറി റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ച് അവിടെ വെടിയിറച്ചിയും മദ്യവും വിളമ്പുന്ന റിസോര്‍ട്ട് മാഫിയയെ തടയുകയും ചെയ്താല്‍ മാത്രം മതി ഒരു വന്യമൃഗവും മനുഷ്യനെ ദ്രോഹിക്കാനായി വരില്ല.
എല്ലാത്തിലുമുപരിയായി കാടിനെയും വന്യമൃഗങ്ങളേയും കരുണയോടെ കാണുന്ന ഒരു ഭരണകൂടം ഉണ്ടായാല്‍ മാത്രമേ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ.
ഒരുകാലത്ത് കാടിനെ സ്നേഹിക്കുന്ന പരിസ്ഥിതി സ്നേഹികളും പ്രകൃതി സംരക്ഷകരും നമുക്കുണ്ടായിരുന്നു.
കാടിനെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.
പുതിയകാലത്ത് അത്തരമൊരു വിഭാഗത്തിന്റെ കുറവ് ദുരന്തത്തെ കൂടുതല്‍ ഭീകരമാക്കുന്നു.