ചുരുട്ടിക്കൂട്ടിയ മൈക്രോസ്‌കോപ്പ് പുറത്തെടുക്കണം-തിമിരശസ്ത്രക്രിയ തിയേറ്റര്‍ ഉടന്‍ തുറക്കണം

മനസില്‍ കുരിപ്പ് പൊന്തുന്നത് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ്. 25 ലക്ഷം രൂപ ചെലവഴിച്ച് കൊട്ടിഘോഷിച്ച് തിമിരശസ്ത്രക്രിയക്ക് ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ സ്ഥാപിക്കുക-ഒരു വര്‍ഷം തികയുന്നതിന് മുമ്പായി അത് പൊളിച്ചുനീക്കുക-ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരം തെമ്മാടിത്തം കാണിക്കുന്നവരെ തിരണ്ടിവാലുകൊണ്ട് തല്ലണമെന്നാണ് മുഖംനോക്കാതെ ആമുഖമായി പറയുന്നത്. അവര്‍ അത് അര്‍ഹിക്കുന്നതാണ് നൂറുശതമാനവും.

തിമിരശസ്ത്രക്രിയക്ക് തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സംവിധാനം വരാന്‍ പോകുന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് കേട്ടത്.

2025 ഫിബ്രവരി 21 ന് 25 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഈ ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനവും കഴിഞ്ഞു.

എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതായാണ് ഓര്‍മ്മ.

പിന്നീട് കണ്ണ് രോഗ വിഭാഗം അടച്ചുപൂട്ടിയ വിവരം അറിഞ്ഞ് അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍ പ്രസവാവധിക്ക് പോയതാണെന്നും അതിനാല്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചതായും അറിഞ്ഞത്.

ജനുവരി 13 ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തിലുള്ള നഗരസഭ അധികൃതര്‍ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ എത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്.

  ആശുപത്രി കെട്ടിടം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി ഈ തിയേറ്ററും പൊളിച്ചുനീക്കിയത്രേ!

ശസ്ത്രക്രിയ ഉപകരണങ്ങളും 25 ലക്ഷത്തിന്റെ മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ളവ പുതിയ കെട്ടിടത്തില്‍ എവിടെയോ തള്ളിയതായും ബന്ധപ്പട്ടവര്‍
പറഞ്ഞു.

മാര്‍ച്ച് 17 നാണ് ഇവിടെ ആകെ ഒരു ഓപ്പറേഷന്‍ നടത്തിയത്.

ആശുപത്രി സൂപ്രണ്ട് ഡോ.വി.വി.ആശ വളരെ നിസ്സംഗമായാണ് ഈ വിവിരം ധരിപ്പിച്ചത്.

തളിപ്പറമ്പില്‍ രണ്ട് സ്വകാര്യ കണ്ണാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് മറ്റ് സ്വകാര്യ ആശുപത്രികളിലും കണ്ണ്‌രോഗ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.

കാല്‍ലക്ഷം രൂപക്ക് മുകളിലാണ് തിമിര ശസത്രക്രിയകള്‍ക്ക് ഈ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.

ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് നാമമാത്രമായ നിരക്കിലുമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ തിമിരശസ്ത്രക്രിയ നടത്തുന്നത്.

2025 ഫിബ്രവരി 21 ഉദ്ഘാടനം ചെയ്ത ഓപ്പറേഷന്‍ തിയേറ്റര്‍, അതും കാല്‍ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചത്-2026 ഫിബ്രവരി 21 പോലും ആവാന്‍ നില്‍ക്കാതെ പൊളിച്ചുനീക്കിയവര്‍ ആരാണെങ്കിലും അവര്‍ ജനവഞ്ചകര്‍ തന്നെയാണ്.

എല്ലാ സാധനങ്ങളും പുതിയ ആശുപത്രി ബില്‍ഡിങ്ങില്‍ കൊണ്ടുവെച്ചതായാണ് സൂപ്രണ്ട് പറയുന്നത്.

ഇത് അടിയന്തിരമായി പ്രവര്‍ത്തിപ്പിച്ച് തിമിര ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കാനാണ് നഗരസഭ അധികൃതര്‍ തയ്യാറാവേണ്ടത്.

പുതിയ ചെയര്‍പേഴ്‌സന് അത് ചെയ്യാനുള്ള ഇച്ഛാശക്തി ഉണ്ടെന്നുതന്നെയാണ് തളിപ്പറമ്പ് നഗരസവാസികള്‍ വിശ്വസിക്കുന്നത്.

ഇത് തളിപ്പറമ്പുകാര്‍ക്ക് മാത്രമല്ല, മലയോര പ്രദേശത്തെ മുഴവനാളുകള്‍ക്കും ഉപകാരപ്പെടേണ്ടതാണ്.

അതിനാല്‍ പരമാവധി വേഗത്തില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.