തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഹരിതകര്‍മ്മസേന വഴി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഡംപംഗ് യാര്‍ഡില്‍ ശേഖരിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള സ്ഥിതി തുടരാന്‍ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.
ഇത് സംബ്‌നധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് കൗണ്‍സില്‍ യോഗത്തില്‍ നടന്നത്.
ഈ കാരാറുകാരനുമായുള്ള നഗരസഭയുടെ ഉടമ്പടി റദ്ദാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് അധ്യക്ഷത വഹിച്ച ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ പറഞ്ഞു.
നഗരസഭയുടെപലഭാഗങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളില്‍ വ്യാപകമായി ചോര്‍ച്ച അനുഭവപ്പെടുന്നത് തുടരുകയാണെന്നും വാട്ടര്‍ അതോറിറ്റി കടുത്ത അലംഭാവമാണ് പുലര്‍ത്തുന്നതെന്നും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു.
ഓഫീസിലേക്ക് വിളിച്ചുപറഞ്ഞാല്‍ കരാറുകാരാണ് ചെയ്യേണ്ടതെന്ന് മറുപടി പറഞ്ഞ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും വിമര്‍ശനമുയര്‍ന്നു.
പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച ചെയര്‍പേഴ്‌സന്‍ ഏറ്റവും കുത്തഴിഞ്ഞ വകുപ്പായി വാട്ടര്‍ അതോറിറ്റി മാറിയിരിക്കയാണെന്ന് വിമര്‍ശിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം മൂലം കുടിവെള്ളക്ഷാമം വലിയതോതില്‍ കുറഞ്ഞിട്ടുണ്ടെന്നും ലോറികളില്‍ കുടിവള്ളം വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചത് വാട്ടര്‍അതോറിറ്റിയുടെ പ്രവര്‍ത്തനമാണെന്നും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും സി.പി.എം കൗണ്‍സിലര്‍ ടി.ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ വാട്ടര്‍ അതോറിറ്റി സ്വന്തം ഉത്തരവാദിത്വം മറക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനം സ്വാഭാവികമാണെന്ന നിലപാടാണ് ചെയര്‍പേഴ്‌സന്‍ ആവര്‍ത്തിച്ചത്.
നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ശനമായി ഇടപെടാന്‍ കൗണ്‍സില്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കത്താത്ത തെരുവുവിളക്കുകള്‍ റിപ്പേര്‍ ചെയ്യുന്നത് വേഗത്തിലാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കി.
സപ്ലിമെന്ററി അജണ്ടകള്‍ കൗണ്‍സിലില്‍ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കാനും അംഗങ്ങളുടെ മൈക്കുകള്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ചെയര്‍പേഴ്‌സന്‍ നിര്‍ദ്ദേശം നല്‍കി.
പുല്ലായിക്കൊടി ചന്ദ്രന്‍, പി.റജില, പി.സി.നസീര്‍, കെ.മുഹമ്മദ്ബഷീര്‍, എം.രാഘവന്‍, പി.വി.സുരേഷ്, കെ.എം.ലത്തീഫ്, എം.പി.സജീറ, ഇ.നിമിഷ, പി.റഫീക്ക് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.