ഭുവന ഒരു കേള്‍വികുറി മലയാളത്തില്‍ മുന്നേറ്റമുണ്ടാക്കിയില്ല- മുന്നേറ്റം പുറത്തിറങ്ങിയിട്ട് ഇന്ന് 42 വര്‍ഷം.

         മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിച്ച നിര്‍മ്മാണ കമ്പനികളിലൊന്നാണ് മെരിലാന്റ്.

നീല പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ 1952 ലെ ആത്മസഖി മുതല്‍ 1979 ലെ ഹൃദയത്തിന്റെ നിറങ്ങള്‍ വരെ 61 സിനിമകളാണ് പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ചത്. ഇതില്‍ 44 സിനിമകള്‍ സംവിധാനം ചെയ്തതും അദ്ദേഹം തന്നെ.

78 ല്‍ പി.സുബ്രഹ്‌മണ്യത്തിന്റെ നിര്യാണത്തിന് ശേഷം മകന്‍ സുബ്രഹ്‌മണ്യം കുമാര്‍ എന്ന എസ്.കുമാര്‍ ശാസ്താ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി സ്ഥാപിച്ചു.

1979 ല്‍ അജ്ഞാതതീരങ്ങള്‍ എന്ന സിനിമയാണ് ഈ ബാനറിന്റെ പേരില്‍ ആദ്യമായി നിര്‍മ്മിച്ചത്. എം.കൃഷ്ണന്‍നായരായിരുന്നു സംവിധായകന്‍. ഈ സിനിമ സാമ്പത്തികമായി വിജയം നേടിയില്ല.

തുടര്‍ന്ന് അതേ വര്‍ഷം ശ്രീകുമാരന്‍തമ്പിയെ സംവിധായകനാക്കി ജയന്‍ നായകനായ പുതിയ വെളിച്ചം നിര്‍മ്മിച്ചു. ഈ സിനിമ വലിയ വിജയമായതോടെ തമിഴിലെ മഹേന്ദ്രന്റെ ഹിറ്റ് സിനിമ മുള്ളും മലരും വേനലില്‍ ഒരു മഴ എന്ന പേരില്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു. ഇതും വലിയ വിജയമായി.

തുടര്‍ന്ന് 80 ല്‍ അമ്പലവിളക്ക് എന്ന സിനിമയുംശ്രീകുമാരന്‍തമ്പി തന്നെ ചെയ്തു.

അതേ വര്‍ഷം തന്നെ കലാസംവിധായകന്‍ ഗംഗയെ സംവിധായനാക്കി ഭക്തഹനുമാന്‍ നിര്‍മ്മിച്ചു.

81 ല്‍ ശ്രീകുമാരന്‍തമ്പിയുടെ മുന്നേറ്റം, ഇതേ വര്‍ഷം തന്നെയാണ് മെഡിക്കല്‍ ചിത്രം എന്ന പേരില്‍ കാന്‍സറും ലൈംഗികരോഗങ്ങളും എന്ന സിനിമ നിര്‍മ്മിച്ചത്. പി.ആര്‍.എസ് പിള്ള സംവിധാനം ചെയ്ത ഈ സിനിമ മറയില്ലാതെ സെക്‌സ് ചിത്രീകരിച്ചതിനാല്‍ വലിയ സാമ്പത്തിക വിജയം കരസ്ഥമാക്കി.

82 ല്‍ കിലുകിലുക്കം(ബാലചന്ദ്രമേനോന്‍), ഇത് ഞങ്ങളുടെ കഥ(പി.ജി.വിശ്വംഭരന്‍) എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.അതേ വര്‍ഷം തന്നെ വീണ്ടും ഒരു മെഡിക്കല്‍ ചിത്രം ഒരു കുഞ്ഞ് ജനിക്കുന്നു, മാതൃകാ കുടുംബം(പി.ആര്‍.എസ്.പിള്ള, എന്‍.ശങ്കരന്‍നായര്‍),

1984 ല്‍ ബേബിയുടെ സംവിധാനത്തില്‍ ഒരു സുമംഗലിയുടെ കഥ. 85 ല്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീഡി സിനിമ ഹിറ്റായി മാറിയതോടെ രണ്ടാമത്തെ ത്രീഡി സിനിമ പൗര്‍ണമിരാവില്‍ എ.വിന്‍സെന്റിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയെങ്കിലും ഉദ്ദേശിച്ച വിജയം നേടിയില്ല.

ഇതോടെ ശാസ്താ പ്രൊഡക്ഷന്‍സ് സെക്‌സ് സിനിമകളുടെ നിര്‍മ്മാണത്തിലേക്ക് കടന്നു.

നിറമുള്ള രാവുകള്‍, കാബറെ ഡാന്‍സര്‍, തെരുവു നര്‍ത്തകി, ഈ നൂറ്റാണ്ടിന്റെ മഹാരോഗം(എന്‍.ശങ്കരന്‍നായര്‍), മിസ് സ്‌റ്റെല്ല(ഐ.സശി), കാനനസുന്ദരി(പി.ചന്ദ്രകുമാര്‍) എന്നിവ നിര്‍മ്മിക്കപ്പെട്ടു.

ഇതിനിടെ ശബരിമല ശ്രീ അയ്യപ്പന്‍, യുവശക്തി എന്നീ ഡബ്ബിംഗ് ചിത്രങ്ങളും ശാസ്തായുടെ ബാനറില്‍ പുറത്തുവന്നു.

പിന്നീട് ദീര്‍ഘകാലം സിനിമ ചെയ്യാതിരുന്ന സുബ്രഹ്‌മണ്യം കുമാര്‍ 2005 ല്‍ ലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന പുതിയ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ ഉദയകുമാറിന്റെ സംവിധാനത്തില്‍ കല്യാണകുറിമാനം നിര്‍മ്മിച്ചു. ആകെ 21 സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്.

മുന്നേറ്റം-

1977 ല്‍ തമിഴില്‍ എസ്.പി.മുത്തുരാമന്‍ സംവിധാനം ചെയ്ത സിനിമയാണ് ഭുവന ഒരു കേള്‍വി കുറി.

വലിയ ബോക്‌സോഫീസ് വിജയം നേടിയ ഈ സിനിമ 1981 ല്‍ ശ്രീകുമാരന്‍തമ്പി തിരക്കഥയും സംഭാഷണവും എഴുതി മലയാളത്തിലേക്ക് റീമേക്ക് ചെയ്തു. അതാണ് 1981 ആഗസ്ത്-7 ന് റിലീസ് ചെയ്ത മുന്നേറ്റം.

മമ്മൂട്ടി, രതീഷ്, ജഗതി, ജലജ, അടൂര്‍ഭാസി. മണിയന്‍പിള്ള രാജു, സുമലത, മേനക, പ്രതാപചന്ദ്രന്‍, ശാന്തകുമാരി, ബിന, പൂജപ്പുര രാധാകൃഷ്ണന്‍, വെമ്പായം തമ്പി, പൊന്നമ്പിളി, വൈക്കം മണി, ഹരി എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

ധനഞ്ജയന്‍ തളിപ്പറമ്പ് ക്യാമറയും കെ.നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

കലാ സംവിധാനം ഇ.ഖാദര്‍, പരസ്യ ഡിസൈന്‍ എസ്.എ.നായര്‍.

ഹൃദയസ്പര്‍ശിയായ ഒരു സിനിമയായിരുന്നിട്ടുകൂടി മുന്നേറ്റം സാമ്പത്തികമായി വലിയ മുന്നേറിയില്ല.

ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് 42 വര്‍ഷം പൂര്‍ത്തിയാവുന്നു.

ഗാനങ്ങള്‍(രചന-ശ്രീകുമാരന്‍തമ്പി, സംഗീതം-ശ്യാം).

1-ചിരികൊണ്ടുപൊതിയും മൗനദു:ഖങ്ങള്‍-എസ്.പി.ബാലസുബ്രഹ്‌മണ്യം.

2-വളകിലുക്കം ഒരു വളകിലുക്കം-ഉണ്ണിമേനോന്‍, വാണിജയറാം.