കണ്ണൂര്‍ ബാറിലെ കൊല: പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി

തലശ്ശേരി: ബാറില്‍ മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ നടന്ന കയ്യങ്കളിയില്‍ മധ്യവയസ്‌ക്കന്‍ മരിച്ച സംഭവത്തില്‍ പോലീസ് ചാര്‍ജ് ചെയ്ത കൊലപാതക കേസിന്റെ പ്രോസിക്യൂഷന്‍ വിചാരണ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് റൂബി.കെ. ജോസ് മുമ്പാകെ പൂര്‍ത്തിയായി.

സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍കോടതി പ്രതികളെ ചോദ്യം ചെയ്യും. തോട്ടട ശ്രീ പ്രയാസ് ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായിരുന്ന തോട്ടട ഭഗവതി മുക്കിലെ ഷൈജു (41) സുഹൃത്ത് തോട്ടട മണിയാട്ട് പാറയിലെ റിഷാസ് മന്‍സിലില്‍ കെ.പി.ഇര്‍ഷാദ് (39) എന്നിവരാണ് കേസിലെ പ്രതികള്‍.

2012 ഒക്ടോബര്‍ 26 ന് പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് ഇര്‍ഷാദും സുഹൃത്തുക്കളും ആറ് മണിയോടെ മേലെ ചൊവ്വക്കടുത്തുള്ള സ്‌കൈപേള്‍ ബാറില്‍ മദ്യപിക്കവെ ബാറിലെത്തിയ എടക്കാട് കൊശവന്‍ മൂലയിലെ രാഗമംഗലത്ത് വീട്ടില്‍ കുമാരന്റെ മകന്‍ സുരേശനുമായി (48) വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ സുരേശനെ ബലമായി പിടിച്ച് തള്ളിയതിനാല്‍ തല ഇടിച്ച് വീണ് മരണപ്പെട്ടു എന്നാണ് പോലീസ് കേസ്.

കടലായി സ്വദേശി പി.രവീന്ദ്രന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്. പി.രതി, ബാറിലെ ജീവനക്കാരായ ചാലയിലെ കൃഷ്ണപ്രസാദ്, കെ.ജിതിന്‍, പ്രദീപ് കാരായി, കെ.പി.നിജില്‍, കാപ്പില്‍ക്കുന്നത്ത് ശശിധരന്‍, പി.പി.സുധീഷ് കുമാര്‍, താഴെചൊവ്വയിലെ എം.കെ.സന്തോഷ്,

അന്നത്തെ കണ്ണൂര്‍ നഗരസഭാ സിക്രട്ടറിയായിരുന്ന രാജു, വില്ലേജ് ഓഫീസര്‍ പി.എ.ജസ്റ്റിന്‍, ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, പോലീസ് ഓഫീസര്‍മാരായ ടി.കെ.രത്‌നകുമാര്‍ എന്നിവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസികൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.കെ.രൂപേഷും, പ്രതിഭാഗത്ത് അഡ്വ. ബി.പി.ശശീന്ദ്രനുമാണ് ഹാജരാവുന്നത്.