മാവോവാദി നേതാവ് സാവിത്രിയെ ഇന്ന് വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി

തലശ്ശേരി: മാവോവാദി നേതാവ് ചിക്ക്മംഗളൂരിലെ സാവിത്രി എന്ന രജിത(33)യെ ഇന്ന് പോലീസ് കനത്ത സുരക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി.

മൂന്ന് ദിവസം അന്വേഷണ സംഘത്തിന് തെളിവെടുപ്പിന്നായ് ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സമ്പാസ്റ്റ്യന്‍ വിട്ടു നല്‍കിയിരുന്നു.

കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പോലീസ് സംഘം വീണ്ടും കോടതി മുമ്പാകെ ഹാജരാക്കിയത്.കൂട്ടുപ്രതിബി.ജി. കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെ എട്ട് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന് വിട്ട് നല്‍കിയത്.

2017 മാര്‍ച്ച് 20ന് രാത്രി അയ്യം കുന്ന് ഉരുപ്പ് കുറ്റിമലയിലെ വീട്ടില്‍ തോക്കുമായി അതിക്രമിച്ച് ഭക്ഷണസാധനങ്ങള്‍ വാങ്ങിയെന്നാണ് കൃഷ്ണമൂര്‍ത്തിക്കെതിരെ കേസ്.

2020 ഫിബ്രവരി 24 ന് രാത്രി ആറളം ബ്ലോക്ക് 12 ല്‍ മാവോവാദിയെന്ന് പറഞ്ഞ് ഭീഷണിപെടുത്തി ഭക്ഷണ സാധനങ്ങള്‍ വാങ്ങിയെന്നുമാണ് സാവിത്രിക്കെതിരെയുള്ള കേസ്.

ഭീകരവിരുദ്ധ സേനയാണ് കേസന്വേഷണം നടത്തുന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരാവുന്നത്.