വികസന വിപ്ലവം–നാട് മാറുന്നു; നഗരവും

ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു.
ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകള്‍, നിരവധി പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, വയഡക്ടുകള്‍ എന്നിവ നിലവില്‍ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.
കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരില്‍നിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത് വരെ 22 വില്ലേജുകളിലൂടെയാണ് കടന്നുപോവുന്നത്.
ജില്ലയില്‍ നാല് ബൈപാസുകള്‍, ഏഴ് വലിയ പാലങ്ങള്‍, ഏഴ് ഫ്‌ളൈ ഓവറുകള്‍, 10 വയഡക്ടുകള്‍ എന്നിവയാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്.
പയ്യന്നൂര്‍ (3.82 കി.മീ), തളിപ്പറമ്പ് (5.66 കി.മീ), കണ്ണൂര്‍ (13.84 കി.മീ), തലശ്ശേരിമാഹി (18.6 കി.മീ) എന്നീ നാല് ബൈപാസുകളാണ് ദേശീയപാതയിലുണ്ടാവുക.
ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി രണ്ട് റീച്ചുകളില്‍ ഭൂമി നിരപ്പാക്കല്‍, മരങ്ങള്‍ മുറിക്കല്‍, കെട്ടിടങ്ങള്‍ പൊളിക്കല്‍, വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവ ഏതാണ്ട് പൂര്‍ത്തിയായി.
പുതിയ പാലങ്ങള്‍ക്കായുള്ള പൈലിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു.
നീലേശ്വരംതളിപ്പറമ്പ് റീച്ച് 40.110 കി. മീ
ദേശീയപാത ആറു വരിയാക്കലില്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം മുതല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വരെ ഒറ്റ റീച്ചാണ്. ഇത് 40.110 കി. മീ വരും. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍, വെള്ളൂര്‍, കണ്ടോത്ത്, കോറോം, എടനാട്, ചെറുതാഴം, കടന്നപ്പളളി, പരിയാരം, കുപ്പം, തളിപ്പറമ്പ എന്നീ 10 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3799.36 കോടി രൂപയാണ് ഈ റീച്ചിന്റെ പദ്ധതി ചെലവ്. ഇതില്‍ രണ്ട് ഫ്‌ളൈ ഓവര്‍, അഞ്ച് വയഡക്ട്, വെഹിക്കുലാര്‍ അണ്ടര്‍ പാസ്6, ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍ പാസ്-7, വലിയ പാലങ്ങള്‍ മൂന്ന്, ചെറിയ പാലങ്ങള്‍ എട്ട്, പയ്യന്നൂര്‍ ബൈപാസ് (3.82 കി.മീ), തളിപ്പറമ്പ ബൈപാസ് (5.660 കി.മീ) എന്നീ രണ്ട് ബൈപാസുകള്‍ എന്നിവയാണ് ഈ റീച്ചില്‍ ഉള്ളത്. ഇതിന്റെ എംബാങ്ക്‌മെന്റ്, പൈലിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു. 2021 ഒക്‌ടോബര്‍ 15ന് പ്രവൃത്തി തുടങ്ങി. 2024 ഏപ്രിലില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘ ഇന്‍ഫ്രാസ്ട്ര്കചര്‍ കമ്പനിക്കാണിത് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്.
തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ച് 29.948 കി.മീ
ആറ് വരി ദേശീയ പാതയില്‍ തളിപ്പറമ്പ്മുഴപ്പിലങ്ങാട് റീച്ച് 29.948 കിലോ മീറ്ററാണ്. മൊറാഴ, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറക്കല്‍, പുഴാതി, വലിയന്നൂര്‍, എളയാവൂര്‍, ചേലോറ, ചെമ്പിലോട്, എടക്കാട്, കടമ്പൂര്‍, മുഴപ്പിലങ്ങാട് എന്നീ 12 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3311.37 കോടി രൂപയാണ് ഈ റീച്ചിന്റെ പദ്ധതി ചെലവ്. അഞ്ച്് ഫ്‌ളൈ ഓവര്‍, അഞ്ച് വയഡക്ട്, വെഹിക്കുലാര്‍ അണ്ടര്‍ പാസ്3, വെഹിക്കുലാര്‍ ഓവര്‍ പാസ്1, ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍ പാസ്3, വലിയ പാലം1, ചെറിയ പാലങ്ങള്‍ 3, കണ്ണൂര്‍ ബൈപാസ് (13.84 കി.മീ) എന്നിവയാണ് ഈ റീച്ചിലുള്ളത്. 2021 നവംബര്‍ 29ന് പ്രവൃത്തി തുടങ്ങി. 2024 മെയില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാഹി ബൈപാസ് 18.6 കി.മീ
മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ അവസാനിക്കുന്ന 18.6 കിലോ മീറ്റര്‍ വരുന്ന നാല് വരിയിലുള്ള തലശ്ശേരിമാഹി ബൈപാസ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയാവാറായി. 1300 കോടി രൂപയാണ് ഇതിന്റെ പദ്ധതി ചെലവ്. ധര്‍മ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. നാല് വലിയ പാലങ്ങള്‍, ഒരു റെയില്‍വേ മേല്‍പ്പാലം, വെഹിക്കുലാര്‍ അണ്ടര്‍ പാസ്4, ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍ പാസ്12, സ്മാള്‍ വെഹിക്കുലാര്‍ അണ്ടര്‍ പാസ്5, വെഹിക്കുലാര്‍ ഓവര്‍ പാസ്1 എന്നിവയാണ് മാഹി ബൈപാസിലുള്ളത്. 75.35 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയായി. ഈ വര്‍ഷം മെയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച നഷ്ടപരിഹാരം
രണ്ട് റീച്ചുകളിലുമായി കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വീതി കൂട്ടലിനായി ഇതുവരെ 200.5560 ഹെക്ടര്‍ ഭൂമി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ഏറ്റെടുത്തു. ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനായി ദേശീയപാത അതോറിറ്റി 2260 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ സാധുവായ രേഖകള്‍ ഹാജരാക്കാത്ത ഏതാനും പേര്‍ക്കൊഴികെ ഭൂമി വിട്ടുനല്‍കിയ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തുകഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. 2013ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി വരുന്ന മികച്ച തുകയാണ് ഭൂവുടമകള്‍ക്ക് നല്‍കുന്നത്.
നാല് ബൈപാസുകള്‍, ഏഴ് വലിയ പാലങ്ങള്‍,
ഏഴ് ഫ്‌ളൈ ഓവറുകള്‍, 10 വയഡക്ടുകള്‍
നീലേശ്വരംതളിപ്പറമ്പ് റീച്ചിലെ 3.82 കി. മീ നീളമുള്ള പയ്യന്നൂര്‍ ബൈപാസ് വെള്ളൂര്‍ പുതിയങ്കാവില്‍നിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കും. ഇതിന്റെ സ്ട്രക്ച്ചര്‍ പൂര്‍ത്തിയായി. പെരുമ്പ പുഴയില്‍ പഴയ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിങ് പൂര്‍ത്തിയായി. ഈ റീച്ചിലെ 14 ചെറിയ പാലങ്ങളില്‍ എട്ടെണ്ണം പുതിയതും രണ്ടെണ്ണം അറ്റകുറ്റപ്പണി ചെയ്യുന്നതും നാലെണ്ണം പുനര്‍നിര്‍മ്മാണവുമാണ്. 5.66 കി. മീ നീളമുള്ള തളിപ്പറമ്പ് ബൈപാസ് കുപ്പത്ത് തുടങ്ങി കണിക്കുന്ന് കയറിയിറങ്ങി കീഴാറ്റൂര്‍ വഴി കുറ്റിക്കോലില്‍ എത്തിച്ചേരും. കുറ്റിക്കോലില്‍ ചെറിയ പാലം വരും. കുപ്പത്ത് പുതിയ പാലത്തിനായി പൈലിംഗ് തുടങ്ങി. കുപ്പത്ത് നിലവിലെ പാലത്തിന് സമാന്തരമായി കടവിന് സമീപമാണ് പുതിയ പാലം പണിയുന്നത്. തളിപ്പറമ്പ് റീച്ചില്‍ പിലാത്തറ കെ.എസ്.ടി.പി ജങ്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കും. തളിപ്പറമ്പ് ബൈപാസിലുള്‍പ്പെടെ അഞ്ച് വയഡക്ടുകള്‍ ഈ റീച്ചില്‍ വരും.
തളിപ്പറമ്പിലാവും ഈ റീച്ചിലെ പ്രധാനപ്പെട്ട ജങ്ഷന്‍. 22 ചെറിയ ഇന്റര്‍സെക്ഷനുകള്‍ വരും. 94 ബോക്‌സ് കള്‍വര്‍ട്ടുകള്‍, 37 ബസ് ഷെല്‍ട്ടറുകള്‍, രണ്ട് ട്രക്ക് ലേബൈസ് എന്നിവയും ഉണ്ടാവും. 54.25 കിലോ മീറ്ററില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കും.
തളിപ്പറമ്പ്മുഴപ്പിലങ്ങാട് റീച്ചില്‍ പാപ്പിനിശ്ശേരി തുരുത്തിയില്‍നിന്ന് തുടങ്ങി കോട്ടക്കുന്ന്, പുഴാതി വയല്‍, മുണ്ടയാട്, എടക്കാട് വഴി മുഴപ്പിലങ്ങാട് എത്തുന്നതാണ് 13.84 കി.മീ നീളത്തിലുള്ള കണ്ണൂര്‍ ബൈപാസ്. പാപ്പിനിശ്ശേരി തുരുത്തിയില്‍നിന്ന് ചിറക്കല്‍ പഞ്ചായത്തിലെ കോട്ടക്കുന്നിലെത്തുന്നതാവും വളപട്ടണം പുഴയിലെ പുതിയ പാലം. ഇതിനായി തുരുത്തിയില്‍ പൈലിംഗ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വളപട്ടണം പുഴക്ക് കുറുകെ പാലം നിര്‍മിക്കുന്ന സ്ഥലത്തേക്ക് പാപ്പിനിശ്ശേരി തുരുത്തിയില്‍നിന്ന് അപ്രോച്ച് റോഡ് നിര്‍മ്മിക്കും.
ഈ റീച്ചില്‍ ചെറിയ പാലങ്ങള്‍ മൂന്നെണ്ണവും കള്‍വര്‍ട്ടുകള്‍ 91 എണ്ണവും ഉണ്ടാവും. ഒരു പ്രധാന ജങ്ഷനും ഏഴ് ചെറിയ ജങ്ഷനുകളുമുണ്ടാവും. ആറ് ബസ് ഷെല്‍ട്ടറുകള്‍ പണിയും. 38.456 കി.മീ നീളത്തില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കും.
അഞ്ച് ഫ്‌ളൈ ഓവറുകള്‍ അഞ്ച് വയഡക്ടുകള്‍ എന്നിവ നിര്‍മ്മിക്കും. അരിപ്പത്തോട് റോഡ്, ബക്കളംകടമ്പേരി റോഡില്‍ ബക്കളം, പറശ്ശിനിക്കടവ്മയ്യില്‍ റോഡിന് സമീപം ധര്‍മ്മശാല, മട്ടന്നൂര്‍കണ്ണൂര്‍ റോഡ്, താഴെ ചൊവ്വമട്ടന്നൂര്‍ റോഡ്, എളയാവൂരില്‍ കണ്ണൂര്‍ ബൈപാസിന്റെ അവസാന പോയിന്റ് എന്നിവിടങ്ങളിലാണ് ഫ്‌ളൈ ഓവറുകള്‍ വരുന്നത്. കണ്ണൂര്‍ ബൈപാസില്‍ അഞ്ച് വയഡക്ടുകളും നിലവില്‍ വരും. ദേശീയപാത66 പരിപൂര്‍ണമായും ആറ് വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതല്‍ സുഗമവും സുരക്ഷിതവും ആകും.
