ദേശീയപാതയുടെ ചിറവക്ക് ജംഗ്ഷനിൽ കേബിൾ കുഴി അപകട കുഴിയായി മാറുന്നു
തളിപ്പറമ്പ്: ദേശീയപാതയുടെ ചിറവക്ക് ജംഗ്ഷനിൽ കേബിൾ കുഴി അപകട കുഴിയായി മാറുന്നു.
ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ കേബിളുകൾ ഇടുന്നതിന് വേണ്ടിയാണ് ദേശീയ പാതയിൽ കുഴിയെടുത്തത്.
കുഴിക്ക് മുകളിൽ മണ്ണ് വാരിയിട്ട് നിറച്ചത് മഴ പെയ്തതോടെ ഒലിച്ചുപോയി. ഇവിടെയിപ്പോൾ നെടുനീളത്തിൽ രൂപപ്പെട്ട കുഴി നാൾക്കുനാൾ ആഴം കൂടി വരികയാണ്.
ഇരുചക്രവാഹന യാത്രക്കാർക്കും ഓട്ടോ-കാർ യാത്രികർക്കും കുഴി ദുരിതമായി മാറിയിരിക്കയാണ്.
പൊതുവെ തകർന്നു കിടക്കുന്ന തളിപ്പറമ്പ് ദേശീയ പാതയിൽ പുതുതായി അറ്റകുറ്റപ്പണികൾക്ക് ദേശീയ പാത വിഭാഗം ഫണ്ട് അനുവദിക്കുന്നില്ല.
ആറുവരിപ്പാതയുടെ നിർമ്മാണ ജോലി കഴിഞ്ഞാൽ മാത്രമേ നിലവിൽ തളിപ്പറമ്പ് നഗരത്തിലൂടെ കടന്നുപോകുന്ന പാതയുടെ നവീകരണം നടക്കുയുള്ളൂവെന്നാണ് വിവരം.
തളിപ്പറമ്പ് നഗരസഭാ അധികൃതരാണ് റോഡ് മുറിച്ച് കേബിളിട്ടത്. കുഴി മൂടുമ്പോൾ തന്നെ കോൺക്രീറ്റ് ചെയ്തിരുന്നെങ്കിൽ കുഴി ഇങ്ങനെ ആകുമായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇനി മഴ തീരാതെ ഇവിടെ എന്തെങ്കിലും പണി ചെയ്തതു കൊണ്ട് കാര്യവുമില്ല.