കോണ്‍ഗ്രസ് വായനശാലക്ക് ലഭിച്ച ദേശീയപാത നഷ്ടപരിഹാര തുക തട്ടിയെടുക്കാന്‍ നീക്കം-

തളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത കോണ്‍ഗ്രസ് അധീനതയിലുള്ള ഭൂമിയുടെ നഷ്ടപരിഹാര തുക സ്വന്തം പേരിലാക്കി തട്ടിയെടുക്കാന്‍ ശ്രമം, സസ്‌പെന്‍ഷനില്‍ കഴിയുന്ന നേതാവിനെതിരെ ബൂത്ത് കമ്മറ്റികള്‍ യോഗം ചേര്‍ന്നു.

പ്രിയദര്‍ശിനി ക്ലബ്ബിന്റെ പേരിലുള്ള 3 സെന്റ് ഭൂമിയില്‍ മുക്കാല്‍ സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്.

ഇതിന് 3,88,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഈ തുകയാണ് നേതാവ് കമ്മറ്റിയറിയാതെ സ്വന്തം പേരിലാക്കിയത്.

വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം ഈ ഭാഗത്തെ രണ്ട് ബൂത്ത് കമ്മറ്റികള്‍ സംയുക്തമായി യോഗം ചേരുകയും തുക തിരിച്ചുപിടിക്കാന്‍ നാലംഗ കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഈ കമ്മറ്റി നേതാവുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഒഴിഞ്ഞുമാറിയതായാണ് ആക്ഷേപം.

എന്നാല്‍ പിന്നീട് ഈ പണത്തിന്റെ മൂന്നില്‍ ഒരു ഭാഗം തിരിച്ചുനല്‍കാമെന്നും നിലവില്‍ ബാക്കിയുള്ള രണ്ടേകാല്‍ സെന്റ് ഭൂമി പ്രിയദര്‍ശിനി ക്ലബ്ബിന്റെ പേരില്‍ എഴുതിതരാമെന്ന് സമ്മതിച്ചതായും പറയുന്നുണ്ട്.

നേരത്തെ തന്നെ നിരവധി സാമ്പത്തിക ആരോപണങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് നേതാവ്.

വിജിലന്‍സില്‍ ഉള്‍പ്പെടെ നേതാവിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.