പരിയാരം ദേശീയപാതയില്‍ റോഡ് ഇടിയുന്നു-
പരിയാരം: അപകടത്തിന് പച്ചക്കൊടി കാട്ടി ദേശീയപാതയിൽ റോഡ് ഇടിയുന്നു.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് മുന്നിലെ ദേശീയപാതയിലാണ് വെള്ളം കുത്തിയൊഴുകി റോഡിൻ്റെ വശങ്ങൾ ഇടിഞ്ഞു കൊണ്ടിരിക്കുന്നത്.
മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ മഴവെള്ള സംഭരണിയിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കുതിച്ചൊഴുകിയതോടെയാണ് വശങ്ങൾ ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത്.
വെള്ളം ശക്തിയായി ഒഴുകുന്നതിനനുസരിച്ച് റോഡിൻ്റെ വശങ്ങൾ വെള്ളത്തോടൊപ്പം ഒഴുകിക്കൊണ്ടിരിക്കയാണ്.
ദേശീയപാത ഇരട്ടിപ്പിക്കൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മേഘ കൺസ്ട്രക്ഷൻസാണ് മണ്ണെടുക്കുന്നതിൻ്റെ ഭാഗമായി മഴവെള്ള സംഭരണിയുടെ പൈപ്പ് കടന്നു പോകുന്ന ഭാഗം തുറന്നത്.
ഇതോടെ സംഭരണിയിലെ വെള്ളം പുറത്തേക്ക് വന്നു തുടങ്ങി. ദേശീയപാത അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അടിയന്തിര നടപടികൾ സ്വീകരിക്കാത്ത പക്ഷം ദേശീയ പാതയിലെ ഗതാഗതം തന്നെ സ്തംഭിച്ചേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.