നാടകത്തോടൊപ്പം സിനിമയും, കെ.പി.എ.സിയുടെ നീലക്കണ്ണുകള്‍ക്ക് സുവര്‍ണ ജൂബിലി.

            നാടകരംഗത്തെ പ്രഗല്‍ഭരായ കെ.പി.എ.സി അതിന്റെ പുഷ്‌ക്കലകാലഘട്ടത്തില്‍ സിനിമാ നിര്‍മ്മാണ രംഗത്തേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

കാമ്പിശ്ശേരി കരുണാകരനായിരുന്നു അന്ന് കെ.പി.എ.സിയുടെ സെക്രട്ടെറി.

തകഴിയുടെ പ്രശസ്തനോവല്‍ ഏണിപ്പടികള്‍ സിനിമയാക്കാനും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യാനും തോപ്പില്‍ ഭാസിയെ ചുമതലപ്പെടുത്തി.

ഏണിപ്പടികള്‍ സാമ്പത്തികമായി വലിയ വിജയം നേടിയതോടെ
അടുത്തവര്‍ഷം 1974 ല്‍ രണ്ടാമത്തെ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഒരു വിപ്ലവസിനിമയാണ് ഇത്തവണ ആലോചിച്ചത്.

ഒ.എന്‍.വി കുറുപ്പിന്റെ കഥയെ ആസ്പദമാക്കി എസ്.എല്‍.പുരം സദാനന്ദന്‍ തിരക്കഥയെഴുതി. സംവിധായകനായി തോപ്പില്‍ ഭാസിയെ
തന്നെ നിശ്ചയിച്ചു.

ചിത്രീകരണം തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയപ്പോഴാണ് തോപ്പില്‍ ഭാസിക്ക് ഒരു അപകടത്തില്‍ പരിക്കേറ്റത്.

ഇതോടെ ചിത്രീകരണം ആശങ്കയിലായി. സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് തന്നെ ഈ വിപ്ലവസിനിമ റിലീസ് ചെയ്യണമെന്ന് കെ.പി.എ.സി തീരുമാനിച്ചതിനാല്‍ ചിത്രത്തിന്റെ നായകനായി നിര്‍ദ്ദേശിച്ച നടന്‍ മധുവിനോട് സംവിധാനം കൂടി ഏറ്റെടുക്കാന്‍ കാമ്പിശ്ശേരി ആവശ്യപ്പെടുകയായിരുന്നു.

സംവിധാനരംഗത്തും മധു തന്റെ കഴിവുകള്‍ ഇതിനകം തെളിയിക്കുകയും നാല് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.

കെ.പി.എ.സി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയില്‍ മധുവിനെ കൂടാതെ സുകുമാരന്‍, ജയഭാരതി, കെ.പി.എ.സി.ലളിത, അടൂര്‍ഭാസി, ബഹദൂര്‍, ശങ്കരാടി, മണവാളന്‍ ജോസഫ്, കെ.പി.എ.സി.സണ്ണി, ജമീലമാലിക്, കെ.പി.എ.സി.അസീസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

ജിയോ പിക്‌ച്ചേഴ്‌സായിരുന്നു വിതരണം.

ഭരതന്‍ കലാസംവിധാനവും ജി.വെങ്കിട്ടരാമന്‍ എഡിറ്റിഗും യു.രാജഗോപാല്‍ ക്യാമറയും കൈകാര്യം ചെയ്തു.

ഒ.എന്‍.വി എഴുതിയ ഗാനങ്ങള്‍ക്ക് ദേവരാജന്‍ സംഗീതം പകര്‍ന്നു-

മലയാളത്തിന്റെ നിത്യഹരിത വിപ്ലവഗാനം മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന യേശുദാസും മാധുരിയും പാടിയ ഗാനം നീലക്കണ്ണുകളിലാണ്. ജയചന്ദ്രന്‍ പാടിയ കല്ലോലിനീ വന കല്ലോലിനി, യേശുദാസ് പാടിയ കുറ്റാലം കുളിരരുവി, യേശുദാസും മാധുരകിയും പാടിയ വിപ്ലവം ജയിക്കട്ടെ, മയൂരനര്‍ത്തനമാടി(യേശുദാസ്) കവിത കൊണ്ടുനിന്‍(ചന്ദ്രഭാനു) എന്നിവയാണ് ഗാനങ്ങള്‍.

1974 മെയ്-1 ന് സിനിമ റിലീസ് ചെയ്തു. ഇന്നത്തേക്ക് 50 വര്‍ഷം പൂര്‍ത്തിയാവുന്നു. നിലക്കണ്ണുകള്‍ ചിത്രീകരിക്കുമ്പോള് തന്നെ അടുത്ത സിനിമയും കെ.പി.എ.സി ഫിലിംസ് പ്രഖ്യാപിച്ചു.

തോപ്പില്‍ ഭാസിയെ സംവിധാകനാക്കി മാപ്പിളലഹള എന്ന സിനിമയാണ് മൂന്നാമതായി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

പക്ഷെ, വലിയ വിജയം പ്രതീക്ഷിച്ച നീലക്കണ്ണുകള്‍ കെ.പി.എ.സിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചു.

ഇതോടെ സിനിമാ നിര്‍മ്മാണം തങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ലെന്ന് മനസിലാക്കി എന്നെന്നേക്കുമായി സിനിമാ നിര്‍മ്മാണ രംഗത്തുനിന്ന് പിന്‍വാങ്ങി.

മെയ്-1 ന് റിലീസായ മറ്റ് സിനിമകള്‍-

പൂന്തേനരുവി(1974-50 വര്‍ഷം)-ശശികുമാര്‍.
തരൂ ഒരു ജന്‍മം കൂടി(1978-46 വര്‍ഷം)-എന്‍.ശങ്കരന്‍ നായര്‍.
മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള-(1981-43 വര്‍ഷം)-ബാലചന്ദ്രമേനോന്‍.
കൊടുമുടികള്‍(1981-43 വര്‍ഷം)-ശശികുമാര്‍.
കഥ ഇതുവരെ-(1985-39 വര്‍ഷം)-ജോഷി.
ഒരു യുഗസന്ധ്യ-(1986-38 വര്‍ഷം)-മധു.
അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍(1986-38-വര്‍ഷം)പത്മരാജന്‍
കണ്‍കെട്ട്(1991-33 വര്‍ഷം)രാജന്‍ ബാലകൃഷ്ണന്‍.