ഭാര്‍ഗ്ഗവീനിലയം നീലവെളിച്ചമായി-കലാനിലയം ഡ്രാമാസ്‌കോപ്പിന്റെ പുനര്‍ജനി.

 

        ഭാര്‍ഗ്ഗവീനിലയം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് സംവിധാനം ചെയ്ത എ.വിന്‍സെന്റ് എത്ര മഹാപ്രതിഭയാണെന്ന് മനസിലാക്കണമെങ്കില്‍ ഏപ്രില്‍-20 ന് റിലീസ് ചെയ്ത ആഷിക്ക്അബുവിന്റെ നീലവെളിച്ചം എന്ന സിനിമ കണ്ടാല്‍മതി.

ഭാര്‍ഗ്ഗവീനിലയത്തിന്റെ റീമേക്കാണെന്ന് എവിടെയും പരസ്യപ്പെടുത്താതെയാണ് വൈക്കം മുഹമ്മദ്ബഷീറിന്റെ നീലവെളിച്ചം എന്ന പേരില്‍ സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരുവര്‍ഷമായി കാത്തിരിക്കുന്ന ഒരു സിനിമയാണ് നീലവെളിച്ചം എന്നതിനാല്‍ ആദ്യത്തെ ദിവസം തന്നെ തിയേറ്ററിലെത്തി.

ആഷിക്ക് അബുവിന്റെ നീലവെളിച്ചം കണ്ടതിന് ശേഷം ഒരിക്കല്‍കൂടി ഭാര്‍ഗ്ഗവീനിലയം കണ്ടപ്പോഴാണ് വിന്‍സെന്റ് മാസ്റ്റര്‍ എന്ന മഹാപ്രതിഭക്ക് മുന്നില്‍ മനസുകൊണ്ട് നമസ്‌ക്കരിക്കാന്‍ തോന്നിയത്.

ഭാര്‍ഗ്ഗവീനിലയം 1964 ലാണ് 59 വര്‍ഷം മുമ്പ് റിലീസായത്. ഇന്നത്തെ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വപ്‌നം കാണാന്‍പോലും സാധിക്കാതിരുന്ന അക്കാലത്ത് കറുപ്പിലും വെളുപ്പിലും നിര്‍മ്മിച്ച സിനിമയുടെ ഏഴയലത്തു  നില്‍ക്കാനുള്ള യോഗ്യത പോലും ആഷിക്ക് അബുവിന്റെ സിനിമക്ക് ഇല്ല.

മധു(സാഹിത്യകാരന്‍), പ്രേംനസീര്‍(ശശികുമാര്‍), പി.ജെ.ആന്റണി(നാണുക്കുട്ടന്‍), കുതിരവട്ടം പപ്പു( എം.പി.കുതിരവട്ടം), വിജയനിര്‍മ്മല(ഭാര്‍ഗ്ഗവി) എന്നിവര്‍ പ്രധാനവേഷം ചെയ്ത ഭാര്‍ഗ്ഗവീനിലയത്തിലെ കഥാപാത്രങ്ങള്‍ സിനിമയില്‍ കഥാപാത്രങ്ങളായി ജീവിക്കുമ്പോള്‍
.
 

നീലവെളിച്ചത്തിലെ ടോവിനോ തോമസ്(സാഹിത്യകാരന്‍), റോഷന്‍മാത്യു(ശശികുമാര്‍), ഷൈന്‍ടോം ചാക്കോ(നാണുക്കുട്ടന്‍), രാജേഷ് മാധവന്‍(എം.പി.കുതിരവട്ടം), റിമ കല്ലിങ്കല്‍(ഭാര്‍ഗ്ഗവി) എന്നിവര്‍ കലാനിലയം ഡ്രാമാസ്‌ക്കോപ്പ് നാടകത്തിലെ കഥാപാത്രങ്ങളായി വന്നുപോവുകമാത്രം ചെയ്യുകയാണ്.

ഭാര്‍ഗ്ഗവീനിലയം സിനിമയുടെ ഹൈലൈറ്റ് അതിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്, നീലവെളിച്ചത്തിലും ഭാര്‍ഗ്ഗവീനിലയത്തിലെ നാല്  ഗാനങ്ങള്‍ റീമിക്‌സ് ചെയ്തിട്ടുണ്ട്.

അനുരാഗമധുചഷകം(കെ.എസ്.ചിത്ര), ഏകാന്തതയുടെ അപാരതീരം(ഷഹബാസ് അമന്‍), താമസമെന്തേ വരുവാന്‍(ഷഹബാസ് അമന്‍), പൊട്ടിത്തകര്‍ന്ന(കെ.എസ്.ചിത്ര) എന്നീ ഗാനങ്ങളാണ് നീലവെളിച്ചത്തിലുള്ളത്.

ഏഴ് ഗാനങ്ങളാണ് ഭാര്‍ഗ്ഗവീനിലയത്തിലുള്ളത്. പൊട്ടാത്തപൊന്നിന്‍, അറബിക്കടലൊരു, വാസന്തപഞ്ചമിനാളില്‍ എന്നിവയാണ് നീലവെളിച്ചത്തില്‍ ഉപയോഗിക്കാത്ത ഗാനങ്ങള്‍.

പി.ഭാസ്‌ക്കര്‍റാവുവാണ് ഭാര്‍ഗ്ഗവീനിലയത്തിന്റെ ക്യാമറാമാന്‍, ജി.വെങ്കിട്ടരാമന്‍ എഡിറ്ററും.

കറുപ്പിലും വെളുപ്പിലും മലയാളത്തിലെ ആദ്യത്തെ ഹൊറര്‍സിനിമയായ ഭാര്‍ഗ്ഗവീനിലയത്തെ ഇവര്‍ അവിസ്മരണീയമാക്കിയിട്ടുണ്ട്.

ഒരു മികച്ച സിനിമയെ ഇത്തരത്തില്‍ നിറംകെടുത്തി അവതരിപ്പിച്ചതിന് എന്തെങ്കിലും അവാര്‍ഡ് അഷിക്ക്അബുവിനെ തേടി എത്താതിരിക്കില്ല എന്നാശ്വസിക്കാം.