ഗ്രാമീണ പൈതൃകകാഴ്ച്ചയായി നീലിയാര്‍കോട്ടത്തെ അടക്കാതൂണുകള്‍-

പരിയാരം: ഗ്രാമീണ കാര്‍ഷിക സംസ്‌കൃതിയുടെ പൈതൃകം വിളിച്ചോതി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി അടയ്ക്കാ തൂണുകള്‍.

മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം അടയ്ക്കാ തുണുകള്‍ കൊണ്ട് അലങ്കരിക്കുന്നത്.

‘നീലിയാര്‍ കോട്ട’മെന്ന പേരില്‍ പ്രസിദ്ധമായ ഇവിടെ, വര്‍ഷം തോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അലങ്കാര തൂണുകള്‍ ഉണ്ടാക്കുന്നത്.

20,000 പഴുത്ത അടക്കകളാണ് ഇതിനായി എത്തിക്കുന്നത്. ഗ്രാമങ്ങളിലെ കവുങ്ങുകളില്‍ നിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടയ്ക്കാ കുലകള്‍ പൊളിച്ച്, നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിര്‍മാണം.

അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തില്‍ രണ്ടാംനാളിലാണ് അടക്കാതൂണുകളുടെ നിര്‍മാണം തുടങ്ങുന്നത്.

കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തില്‍ ഒത്തുകൂടുന്ന സ്ത്രീകളാണ് മേല്‍നോട്ടം.

അടക്കകള്‍ കുലയില്‍ നിന്ന് പറിച്ചെടുത്ത്, തരംതിരിച്ച്, ചരടില്‍ കോര്‍ത്ത്, ക്ഷേത്ര തൂണുകള്‍ക്ക് വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്.

കളിയാട്ടത്തിന്റെ മൂന്നാം ദിനത്തില്‍ രാത്രിയോടെ പൂര്‍ത്തിയാകുന്ന ഈ പൊന്‍മുത്തു പോലുള്ള തൂണുകള്‍, നാലാം നാളില്‍ എത്തുന്നവര്‍ക്ക് നയന മനോഹരമായ കാഴ്ചയാണ്.

ഇത് ആസ്വദിക്കാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധി പേര്‍ എത്താറുണ്ട്.

ഫബ്രുവരി നാലിന് തുടങ്ങി എട്ടിന് അവസാനിക്കുന്ന ഈ വര്‍ഷത്തെ കളിയാട്ടത്തിന്റെ അടയ്ക്കാ തൂണുകള്‍ ക്ഷേത്രസന്നിധിയില്‍ ആറിന് രാത്രിയോടെ പൂര്‍ത്തിയാകും.

ഏഴു മുതല്‍ ഈ അലങ്കാരം പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാം. നാലമ്പലത്തിന് മുന്നിലെ തിരുസന്നിധിയില്‍ പത്ത് അടയ്ക്കാ തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കുക പതിവ്.

എല്ലാ വര്‍ഷവുമുള്ള തീച്ചാമുണ്ഡിയുടെ അഗ്‌നിപ്രവേശവും ഈ കോട്ടത്തിന്റെ പ്രത്യേകതയാണ്.

എട്ടിന് പുലര്‍ച്ചെയുള്ള തീച്ചാമുണ്ഡിയും 11 മണിക്ക് തിരുമുടി നിവരുന്ന നീലിയാര്‍ ഭഗവതിയുടെ പുറപ്പാടും കാണാനെത്തുന്നവര്‍ക്ക് അടയ്ക്കാ തൂണുകളും പൈതൃക കാഴ്ചതന്നെ.