തളിപ്പറമ്പിലേക്ക് വീണ്ടും വരുമോ ഹരിഹര്‍—–വരും വരാതിരിക്കില്ല-

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: ഹരിഹര്‍കാലത്തിന് വീണ്ടും ചിറക് മുളയ്ക്കുമോ-തളിപ്പറമ്പിലെ ആദ്യ സിനിമാ തിയേറ്ററായ ന്യൂഹരിഹര്‍ വീണ്ടും വരാനുള്ള ആലോചനകള്‍ അണിയറയില്‍ സജീവമാകുന്നു.

പട്ടുവം റോഡില്‍ ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹരിഹര്‍ ടാക്കീസ് തളിപ്പറമ്പുകാരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓര്‍മ്മയാണ്.

കോര്‍ട്ട് റോഡില്‍ ഇന്നത്തെ പോലീസ് സ്‌റ്റേഷന് മുന്നിലെ അലങ്കാറും ഹരിഹറുമായിരുന്നു തളിപ്പറമ്പിന്റെ ഒരു കാലഘട്ടത്തിലെ വിനോദകേന്ദ്രങ്ങള്‍.

1982 ല്‍ എ.ബി.രാജ് സംവിധാനം ചെയ്ത ആക്രോശം എന്ന സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് അലങ്കാര്‍ അഗ്നിബാധയില്‍ നശിച്ചത്.

1981 ലാണ് ആലിങ്കീല്‍ തിയേറ്റര്‍ ആരംഭിച്ചത്. 1988 ലായിരുന്നു ക്ലാസിക് തിയേറ്റര്‍ തുടങ്ങിയത്.

1964 കാലഘട്ടത്തിലാണ് ഹരിഹര്‍ ടാക്കീസ് ആരംഭിച്ചത്. ആദ്യകാലത്ത് ന്യൂഇന്ത്യ എന്ന് പേരിട്ട ടാക്കീസ് അവസാനകാലത്ത് ന്യൂഹരിഹറായി മാറി.

2012 ലാണ് 10 വര്‍ഷം മുമ്പ് ന്യൂഹരിഹര്‍ അടച്ചുപൂട്ടിയത്. സ്ഥലം ഉടമകളുമായുണ്ടായിരുന്ന നിയമപ്രശ്‌നങ്ങളാണ് ഹരിഹറിന്റെ വെള്ളിത്തിരയില്‍ കരിനിഴല്‍ വീഴ്ത്തിയത്.

ഏജന്റ് വിനോദ് എന്ന സെയ്ഫ്അലിഖാന്‍ ചിത്രമാണ് അവസാനമായി ഇവിടെ പ്രദര്‍ശിപ്പിച്ചത്.

മലപ്പുറം ജില്ലയിലെ വണ്ടൂരിലും തിയേറ്റര്‍ ഉണ്ടായിരുന്ന ഹരിഹറിന്റെ ഉടമകള്‍ ഇപ്പോള്‍ ഹരിഹര്‍ ഫിലിംസിറ്റി എന്ന പേരില്‍ അവിടെ 3 തിയേറ്ററുകളുള്ള കോംപ്ലക്‌സ് നടത്തിവരികയാണ്.

അത്യാധുനികമായ എല്ലാ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ തട്ടകമായിരുന്ന തളിപ്പറമ്പിലേക്ക് വീണ്ടും വരാനുള്ള ആലോചനകളിലാണ് ഉടമകള്‍.

തളിപ്പറമ്പ് പ്രദേശത്ത് അനുയോജ്യമായ സ്ഥലം ലഭ്യമാകുകയാണെങ്കില്‍ തങ്ങള്‍ വീണ്ടും തളിപ്പറമ്പിലേക്ക് വരുമെന്ന് തന്നെയാണ് ഹരിഹറിന്റെ സാരഥികള്‍ നല്‍കുന്ന സൂചന.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു സന്ദേശത്തിലാണ് ഹരിഹര്‍ വീണ്ടും വരുന്നുവെന്ന സൂചനകള്‍ ഉടമ പ്രകടിപ്പിച്ചത്.

പി.ലീലയുടെ നാരായണീയം പാരായണത്തോടെ ആരംഭിക്കുന്ന സിനിമാ പ്രദര്‍ശങ്ങളും ഭാസ്‌ക്കരേട്ടന്റെ കടയും കടലവില്‍പ്പനയും പാട്ടുപുസ്തകകച്ചവടവും ജപ്പാന്‍ബ്ലാക്ക് പെയിന്റിന്റെ മൂക്ക്തുളയ്ക്കുന്ന മണവും ടാക്കീസില്‍ കയറി ഇടപാടുറപ്പിച്ച് സിനിമവിടുന്നതിന് മുമ്പ് ഇരകളുമായി സ്ഥലംവിടുന്ന ലൈംഗികതൊഴിലാളികളും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മ ഹരിഹറുമായി ബന്ധപ്പെട്ട് പലര്‍ക്കുമുണ്ടാവും.

അതൊന്നും ഇനി തിരികെ വരില്ലെങ്കിലും തളിപ്പറമ്പുകാരുടെ സിനിമാആസ്വാദനത്തില്‍ ഹരിഹറിനുള്ള സ്ഥാനം നിറമുള്ള ഓര്‍മ്മകളുടേത് തന്നെയാണെന്ന കാര്യം തീര്‍ച്ചയാണ്.