അഞ്ച് വര്‍ഷമായി മരവിപ്പിച്ചു നിര്‍ത്തിയ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കമെന്ന് എന്‍.ജി.ഒ.എ-മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
പരിയാരം: മരവിപ്പിച്ചു നിര്‍ത്തിയ മുഴവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
2018 ഏപ്രിലില്‍ അന്നത്തെ ആരോഗ്യമന്ത്രി പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 2019 മാര്‍ച്ച് മാസം ഓര്‍ഡിനന്‍സിലൂടെ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത മെഡിക്കല്‍ കോളേജില്‍ അന്ന് മുതല്‍ ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
അഞ്ച് വര്‍ഷക്കാലമായി ആഗിരണ പ്രക്രിയ അനന്തമായി നീണ്ടു പോവുകയും ചെയ്യുന്നു.
അത് കൊണ്ട് തന്നെ സ്ഥാപനത്തിന്റെ ആരംഭകാലം മുതല്‍ ജോലി ചെയ്ത് വരുന്ന ജീവനക്കാര്‍ തീര്‍ത്തും നിരാശരും, ആശാങ്കാകുലരുമാണ്.
ജീവനക്കാരുടെ ആശങ്ക അകറ്റുന്ന തിന് അടിയന്തിര പരിഗണന നല്‍കണമെന്നും ജീവനക്കാരെ പല തട്ടുകളായി തിരിച്ച് ആഗിരണ പ്രക്രിയ ഘട്ടംഘട്ടമായി നടത്തുന്നതിന് പകരം എല്ലാ ജീവനക്കാരെയും ഉള്‍പ്പെടുത്തി ഒരു പോലെ സമയബന്ധിതമായി ആഗിരണം പൂര്‍ത്തിയാക്കണമെന്നും ജീവനക്കാരുടെ ആശങ്ക അകറ്റാനുള്ള നടപടി സ്വീകരിക്കണ മെന്നും നിവേദനത്തില്‍ അവശ്യപ്പെടുമെന്ന് ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടെറി യു.കെ.മനോഹരനും അറിയിച്ചു.
2016 ല്‍ സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലാക്കി 2017 ല്‍ മുന്‍കാല പ്രാബല്യത്തോടെ ഞങ്ങള്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണവും അതോടൊപ്പം 12% ക്ഷാമബത്തയും മാത്രമാണ് കഴിഞ്ഞ 6 വര്‍ഷമായി കിട്ടി കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ലഭിച്ചു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് തുടര്‍ന്നും ലഭിക്കും എന്ന് നിയമസഭയില്‍ പാസാക്കിയ ഏറ്റെടുക്കല്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടും ഇപ്പോഴും എല്ലാ ആനുകൂല്യങ്ങളും മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
ജീവനക്കാര്‍ക്ക് അര്‍ഹതപെട്ട എല്ലാ ആനുകൂല്യങ്ങളും അനുവദിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും വര്‍ഷങ്ങളായി ജോലി ചെയ്ത് വരുന്ന ജീവനക്കാരുടെ നിലവിലുള്ള സര്‍വ്വീസ് പൂര്‍ണ്ണമായും പരിഗണിച്ച് കൊണ്ട് തന്നെ ആഗിരണ പ്രക്രിയ നടത്തി എല്ലാ ജീവനക്കാരെയും സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സമയബന്ധിതമായി ആനുകൂല്യം ലഭിക്കാത്തതിനാല്‍ മാനസികമായും സാമ്പത്തികമായും ജീവനക്കാര്‍ പ്രയാസത്തിലാണ്, വിഷയങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.