പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം-എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് സമ്മേളനം.
പരിയാരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013ലാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പില്‍ വരുത്തിയത്.
എന്നാല്‍ പദ്ധതിയുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നേട്ടങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ഉയരുകയോ അതിനുമേല്‍ വിശദമായ പഠനം നടത്തുകയോ ചെയ്തിട്ടില്ല.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാര്‍ക്ക് നഷ്ടം വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം.
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചിരുന്ന ഡി സി ആര്‍ ജി പോലുള്ള ആനുകൂല്യങ്ങള്‍ തുടര്‍ന്നും അനുവദിച്ചിരുന്നു.
കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷനിലുള്ള ജീവനക്കാര്‍ക്ക് ഡി സി ആര്‍ ജി യും ആശ്രിത നിയമനവും ഒക്കെ ഉറപ്പുവരുത്തിയിരുന്നു.
പങ്കാളിത്ത പെന്‍ഷനിലുള്ള ഏതെങ്കിലും ജീവനക്കാരന്‍ സര്‍വീസില്‍ ഇരിക്കെ മരണമടഞ്ഞാല്‍ അയാളുടെ ആശ്രിതന് ജോലി ലഭിക്കുന്നത് വരെ അയാള്‍ അവസാനം വാങ്ങിയിരുന്ന ശമ്പളം സമാശ്വാസമായി പ്രതിമാസം നല്‍കുമെന്ന് വ്യവസ്ഥ ഇതിന്റെ ഭാഗമായിരുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ തയ്യാറാകണം. ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഈ ഭരണകൂടം പിന്തുടരുന്നതെങ്കില്‍ ജീവനക്കാര്‍ ഒന്നടങ്കം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് മുന്നിട്ടിറങ്ങും എന്നത് തീര്‍ച്ചയാണ് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചടങ്ങില്‍ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന, സംസ്ഥാന സിക്രട്ടറി എം.പി ഷനീജ്, ഡി.സി.സി. ജന: സെക്രട്ടറി രാജീവന്‍ കപ്പച്ചേരി, KSYF സംസ്ഥാനസിക്രട്ടരി സുധീഷ് കടന്നപ്പള്ളി, NGOA സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പര്‍ നാരായണന്‍കുട്ടി മനിയേരി,
എ.ഉണ്ണികൃഷ്ണന്‍, കെ.വി.മഹേഷ്‌കുമാര്‍, ശ്രീകാന്ത്, സത്യന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.ഐ.ശ്രീധരന്‍ (പ്രസിഡന്റ്), യു.കെ.മനോഹരന്‍ (സെകട്ടറി) കെ.വി.ദിലീപ് കുമാര്‍ (ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.
ആഗിരണ പ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നും തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
