കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജിന് മുന്നില്‍ ഉപവാസ സമരം-
പരിയാരം: നിരവധി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ
നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്‍വയണ്‍മെന്റ് മിഷന്‍ (എന്‍.എച്ച്.ആര്‍.ഇ.എം) സമര രംഗത്തേക്ക്.
കണ്ണൂരിലെയും മംഗലാപുരത്തെയും സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി സ്ഥാപനത്തെ തകര്‍ക്കാനനുവദിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തി സംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍-1 ന്
ബുധനാഴ്ച പരിയാരം ഗവ.മെഡിക്കല്‍ കോളജിന് മുന്നില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ പതിനായിരക്കണക്കിന് രോഗികളുടെ ആശ്രയമായ ഈ ആതുരാലയത്തിനോട് ആരോഗ്യ വകുപ്പ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥ ഗൗരവമായി കാണണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ മേഖലയിലുള്ള ഈ മെഡിക്കല്‍ കോളേജ് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ മെച്ചപ്പെടുത്തിയെടുക്കാനുള്ള തുടര്‍ച്ചയായ ഇടപെടലുകള്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഉപവാസ സമരം ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
എന്‍.എച്ച്.ആര്‍.ഇ.എം ചെയര്‍മാന്‍ ജെയ്‌സന്‍ ഡോമിനിക്ക് അദ്ധ്യക്ഷത വഹിക്കും.
ഇമ്മാനുവേല്‍ ജോര്‍ജ് ചെമ്പേരി, എഴുത്തുകാരന്‍ ഹരിദാസ് പാലയാട്, തോമസ് കുറ്റിയാനിമറ്റം, ബാബു ആക്കാട്ടയില്‍, ഇ.വി.പ്രദീപ്കുമാര്‍, കെ.ഒ.അനീഷ്‌കുമാര്‍ ആലക്കോട്, പി.കെ.ഷാജി,
ബിനോ തോമസ്, അന്‍വര്‍ കരുവഞ്ചാല്‍, റാഫി ആലക്കോട് എന്നിവര്‍ പ്രസംഗിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജെയ്‌സന്‍ ഡോമിനിക്ക്, അന്‍വര്‍ കരുവന്‍ചാല്‍, ഇ.വി.പ്രദീപ് കുമാര്‍,റാഫി ആലക്കോട് എന്നിവര്‍ പങ്കെടുത്തു.