നിഖിലിനും കേരളാ പോലീസിനും ബിഗ്‌സല്യൂട്ട്-റെയില്‍വെ സ്റ്റേഷനില്‍ വിഷംകഴിച്ച യുവതി സിവില്‍ പോലീസ് ഓഫീസറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ വിഷംകഴിച്ച യുവതി സിവില്‍ പോലീസ് ഓഫീസറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

സിവില്‍ പോലീസ് ഓഫീസറായ പിണറായി സ്വദേശി നിഖില്‍ പ്ലാറ്റ്‌ഫോം ഡ്യൂട്ടി ചെയ്തുവരവെ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ ടിക്കറ്റ് കൗണ്ടറിനടുത്ത് അസ്വാഭാവികമായി ഒരു യുവതി ഇരിക്കുന്നത് കണ്ട് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തമായി ഉത്തരം നല്‍കാതെ മാറിനിന്നു.
പന്തികേട് തോന്നിയതിനെ തുടര്‍ന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ കാസര്‍കോട് ജില്ലയിലെ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മയിലാട്ടിയിലുള്ള ശ്വേത(30)എന്ന യുവതി ആണെന്നും ഭര്‍ത്താവുമായി വഴക്കിട്ട് സ്വന്തം ഇഷ്ടപ്രകാരം കാസര്‍കോട് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി കണ്ണൂരില്‍ ഇറങ്ങുകയും തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും അതിനിടയില്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു.
യുവതിയാവട്ടെ കൂടുതല്‍ അവശയാവുകയും ചെയ്തു. നിഖില്‍ മറ്റൊന്നും ആലോചിക്കാതെ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിനു മുന്‍പില്‍ തന്നെയുണ്ടായിരുന്ന ഓട്ടോയില്‍ യുവതിയെ കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
ഡോക്ടര്‍ പരിശോധിച്ചതില്‍ യുവതിക്ക് വിഷബാധ ഏറ്റിട്ടുണ്ടെന്ന് മനസിലായതിനാല്‍ ഐസിയുവിലേക്ക് മാറ്റി ചികിത്സ തുടര്‍ന്നു.
വിവരം എസ്.എച്ച്.ഒ ഉമേശനെ അറിയിച്ചത് പ്രകാരം പിങ്ക് പട്രോള്‍ ടീം സ്ഥലത്തെത്തി.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തന്നെ നിഖില്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ പരിശോധിക്കുകയും സഹോദരന്റെ ഫോണ്‍ മനസ്സിലാക്കി ഈ നമ്പറില്‍ വിളിച്ചു സംഭവത്തിന്റെ ഗൗരവാവസ്ഥ അറിയിച്ച് ഉടന്‍ കണ്ണൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചതുകൊണ്ട് മാത്രമാണ് മരണം സംഭവിക്കാതിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശ്വേതയുടെ ഭര്‍ത്താവും ബന്ധുക്കളും രാത്രി പത്തോടെ ആശുപത്രിയിലെത്തി. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
തക്കസമയത്ത് നടപടി സ്വീകരിച്ച നിഖിലിനോടും കേരളാ പോലീസിനോടും ബന്ധുക്കള്‍ നന്ദിയറിയിച്ചു.
സംഭവത്തില്‍ ബേക്കല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
