കൊണ്ടോട്ടിയിലെ കുപ്രസിദ്ധ കുറ്റവാളി മയ്യില്‍ പോലീസിന്റെ വലയിലായി.

മയ്യില്‍: കാര്‍ വര്‍ക്ക് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് മയ്യില്‍ പോലീസിന്റെ പിടിയിലായി.

മലപ്പുറം കൊണ്ടോട്ടിയിലെ ചെറുപറമ്പ് കോളനിറോഡില്‍ കാവുങ്കല്‍ നമ്പിലത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ കെ.എന്‍. മുജീബ്‌റഹ്മാനാണ് അറസ്റ്റിലായത്.

ജൂണ്‍ 18 ന് രാത്രി 11 മണിക്ക് കുറ്റിയാട്ടൂര്‍ സൂപ്പിപിടികയിലെ കെ.ടി.അനീഷിന്റെ ഉടമസ്ഥതയിലുള്ള മെട്രോ കാര്‍ എന്ന വര്‍ക്ക്

ഷോപ്പ് ഗേറ്റ് പൊളിച്ച് അകത്ത് കയറി കളവ് നടത്താന്‍ ശ്രമിച്ചതിന് മയ്യില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്.

കൃത്യത്തിന് ഉപയോഗിച്ച KL 14 എ 2483 നമ്പര്‍ സുമോ വാഹനത്തില്‍ സഞ്ചരിക്കവേ ഇന്ന് വൈകന്നേരം 4.35 മണിക്കാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ്, എസ്.ഐ കെ.സുരേഷ്, എ.എസ്.ഐമാരായ രാജേഷ്, അസ്‌കര്‍, സി.പി.ഒമാരായ വിജില്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

പ്രതി ബലാല്‍സംഗം, വധശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട്, മലപ്പുറം കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിക്കെതിരെ ധാരാളം കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.